കൊച്ചി: രാജ്യത്തെ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ഐ.സി.എൽ ഫിൻകോർപ്പിന്റെ കോർപ്പറേറ്റ് ഓഫീസ് അനക്‌സ് കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു. സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ്, ഹൈബി ഈഡൻ എം.പി, ഉമ തോമസ് എം.എൽ.എ, എൽ.എ.സി.ടി.സിയുടെ ഗുഡ്‌വിൽ അംബാസിഡറും ഐ.സി.എൽ ഫിൻകോർപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ.ജി. അനിൽകുമാർ, ഡയറക്ടറും സി.ഇ.ഒയുമായ ഉമ അനിൽകുമാർ എന്നിവർ സന്നിഹിതരായിരുന്നു.

മുപ്പത് വർഷത്തിലേറെയായി വിശ്വാസ്യത, സുതാര്യത, ഉപഭോക്തൃ കേന്ദ്രീകൃത ഇടപെടലുകൾ എന്നിവയോടെ ജനവിശ്വാസം നേടിയ ഐ.സി.എൽ ഫിൻകോർപ്പിന് 35 ലക്ഷത്തിലധികം ഉപഭോക്താക്കളും 300ൽ അധികം ശാഖകളുമുണ്ട്. കൊച്ചിയിലെ കോർപ്പറേറ്റ് ഓഫീസ് അനക്സിലൂടെ ഉപഭോക്താക്കൾക്ക് വിശ്വാസയോഗ്യവും സമയബന്ധിതവുമായ വിവിധ ധനകാര്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

ദേശീയ വ്യവസായ വികസന കൗൺസിലിന്റെ വായ്പാ പങ്കാളിയായി ഐ.സി.എൽ ഫിൻകോർപ്പിനെ അടുത്തിടെ തെരഞ്ഞെടുത്തിരുന്നു. കമ്പനിയുടെ വിശ്വാസ്യത ഉയർത്താനും രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയിൽ ബ്രാൻഡിന്റെ പങ്ക് ഉറപ്പുവരുത്താനും പങ്കാളിത്തം സഹായകമായി.