തോപ്പുംപടി: കൊച്ചി ഫിഷറീസ് ഹാർബറിലെ മീൻ ഇറക്ക് വിഭാഗം തൊഴിലാളികളുടെ കൂലിത്തർക്കത്തെ തുടർന്ന് ഉടലെടുത്ത പ്രതിസന്ധിക്ക് താത്കാലിക പരിഹാരമായി. പേഴ്‌സിൻ ബോട്ട് തൊഴിലാളികളും സി.പി.എൽ.യു തൊഴിലാളികളും പണിമുടക്കിൽ നിന്ന് പിൻമാറി. ഇന്ന് മുതൽ ഹാർബറിൽ കച്ചവടം പുനരാരംഭിക്കും. പേഴ്‌സിൻ നെറ്റ് ബോട്ടുകളും കടലിൽ ഇറങ്ങും. ഹാർബർ വ്യവസായ സമിതി ചെയർമാൻ എ.എം. നൗഷാദിന്റെ നേതൃത്വത്തിൽ സി.പി.എൽ.യു, ബോട്ടുടമ അസോസിയേഷൻ, പേഴ്‌സിൻ മത്സ്യ തൊഴിലാളി യൂണിയൻ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. കെ.എം. റിയാദ്, എം. മജീദ്, വൈ.എച്ച്. യൂസഫ്, പി.ഐ. ഹംസക്കോയ, എ.എസ്. ഷാജി, ഇസ്ഹാക്ക്, സിബി പുന്നൂസ്, റോയി, ജാക്‌സൻ പെള്ളയിൽ, മൈക്കിൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.