vellakkettu

നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് 11-ാം വാർഡിലെ എയർപോർട്ട് - മസ്ജിദ് പഞ്ചായത്ത് റോഡിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ കാൽനട യാത്രക്കാർ ഉൾപ്പെടെയുള്ളവർ ദുരിതത്തിലായി. റോഡിന് ഇരുവശവും പൊതുകാന ഇല്ലാത്തതാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് ആക്ഷേപം.

നിത്യേന ആയിരക്കണക്കിന് വാഹനങ്ങൾ വിമാനത്താവളത്തിലേക്കും മറ്റു സ്ഥലങ്ങളിലേക്കും കടന്നുപോകുന്ന വഴിയാണിത്. 500 മീറ്റർ നീളമുള്ള റോഡിൽ 100 മീറ്റർ ഭാഗത്ത് റോഡിനരികിൽ വിരിച്ച സിമന്റ് കട്ടയിൽ ചവിട്ടിയാണ് കാൽനട യാത്രക്കാർ പോകുന്നത്. ഒന്നര അടിയോളം ആഴത്തിലാണ് വെള്ളം റോഡിൽ കെട്ടിക്കിടക്കുന്നത്. പലവട്ടം പരാതി നൽകിയിട്ടും പഞ്ചായത്ത്അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. മഴക്കാലത്ത് ജോലിക്കും സ്കൂളുകളിലേക്കും പോകുന്നവർ ഏറെ പ്രയാസപ്പെടുന്നുണ്ട്.

കാന നിർമ്മിക്കണം

എയർപോർട്ട് - മസ്ജിദ് പഞ്ചായത്ത് റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടി വേണമെന്ന് കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെട്ടു. പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബിജു കെ. മുണ്ടാടൻ, കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് പി.കെ. ഗോപി, കോൺഗ്രസ് വാർഡ് പ്രസിഡന്റ് കെ.പി. ഡേവി, ബേബി പോൾ അരീക്കൽ എന്നിവർ സംസാരിച്ചു.