crusans
സൗത്ത് കളമശേരിയിൽ ചങ്ങമ്പുഴ നഗർ കോളനിയിലെ വീടുകളോട് ചേർന്നു നിൽക്കുന്ന കെട്ടിട നിർമ്മാണ ചട്ടങ്ങൾ ലംഘിച്ചെന്ന് പരാതിയുള്ള ക്രസൻസ് കെട്ടിടത്തിന്റെ പിൻവശം

കളമശേരി: സൗത്ത് കളമശേരിയിൽ ദേശീയപാതയ്ക്കരികിൽ ചട്ടങ്ങൾലംഘിച്ച് നിർമ്മിച്ച കെട്ടിടം സമീപവാസികൾക്ക് ഭീഷണിയായി. ക്രസെൻസ് ടവറിനെതിരെയാണ് പരാതി. ജനറേറ്ററുകൾ പ്രവർത്തിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് 2019 ആഗസ്റ്റ് 1ന് കെട്ടിട ഉടമയ്ക്ക് കളമശേരി നഗരസഭ നോട്ടീസ് നൽകിയെങ്കിലും നടപ്പായില്ല. അനധികൃത നിർമ്മാണവും തുടരുകയാണ്. തുടർനടപടികൾ സ്വീകരിക്കാൻ നഗരസഭയുൾപ്പെടെയുള്ള അധികൃതർ തയ്യാറായിട്ടില്ല. കെട്ടിടത്തിന് ഇപ്പോൾ ഒമ്പതുനിലയായി.

കെട്ടിടസമുച്ചയത്തിൽ നിന്നുയരുന്ന കാതടപ്പിക്കുന്ന ശബ്ദവും ദുർഗന്ധവും മൂലം സമീപമുള്ള ഒരു വീട്ടുകാർ വീടുവിറ്റു. മറ്റൊരു കുടുംബം താമസംമാറ്റി. ചങ്ങമ്പുഴ റെസിഡൻസ് അസോസിയേഷനും താമസം മാറ്റേണ്ടിവന്ന ചാർട്ടേഡ് എൻജിനിയർ ടി.എസ്. അംബുജാക്ഷനും പലതവണ കളക്ടർ, ചീഫ് ടൗൺ പ്ലാനർ, ജോയിന്റ് ഡയറക്ടർ (എൽ.എസ്.ജി.ഡി), എൻവിറോൺമെന്റൽ എൻജിനിയർ, ജില്ലാ ഫയർ ഓഫീസർ, ഇലക്ട്രിക്കൽ ഇൻസ്പെക്ടർ എന്നിവർക്കെല്ലാം പരാതി നൽകിയിട്ടും നടപടിയില്ല.

നിയമലംഘനങ്ങൾ

• 5 നിലയ്ക്കുമാത്രം അനുമതിയുള്ള കെട്ടിടം 9 നിലയിൽ പ്രവർത്തിക്കുന്നു

• 9 നില കൊമേഴ്സ്യൽ സ്ഥാപനത്തിന് 5 മീറ്റർവീതി റോഡില്ല. വശങ്ങളിൽ 1 മീ, 2 മീ, 2.2 മീ വീതിമാത്രം

• എമർജൻസി എക്സിറ്റില്ല

• ഭൂനിരപ്പിനുതാഴെ കാർ പാർക്കിംഗിൽ 3 കൂറ്റൻ ഡീസൽ ജനറേറ്ററിന് അനുമതിയില്ല

• 18 ഹെവി ഡ്യൂട്ടി എ.സി എക്സ്ഹോസ്റ്റുകൾ സമീപത്തെ വീടുകൾക്ക് അഭിമുഖമായി അപകടകരമായി സ്ഥാപിച്ചിരിക്കുന്നു

• കെട്ടിടത്തിലെ ഹോട്ടലിന് പാർക്കിംഗ് ഏരിയ അനുമതിയും ലൈസൻസുമില്ല

• മാലിന്യസംസ്കരണ പ്ലാന്റിന് നഗരസഭയും പി.സി.ബിയും അനുമതി നൽകിയിട്ടില്ല. പ്ലാന്റ് കോളനി നിവാസികളുടെ മതിലിനോട് ചേർന്ന് മിനിമം ദൂരം പാലിക്കാതെ

• പ്ലാന്റിന് വലിയ കപ്പാസിറ്റിയുള്ള ഇലക്ട്രിക് മോട്ടോറുകൾ, പമ്പുകൾ, ടാങ്കുകൾ

• വേണ്ടത്ര അഗ്നിപ്രതിരോധ സംവിധാനങ്ങളില്ല.

ബഹുനില കെട്ടിട നിർമ്മാണത്തിൽ ചട്ടലംഘനം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

സെക്രട്ടറി

കളമശേരി നഗരസഭ

പരാതി ശ്രദ്ധയിൽപെട്ടിട്ടില്ല. അന്വേഷിച്ചിട്ട് പറയാം.

സീമാ കണ്ണൻ,

ചെയർപേഴ്സൺ

അനധികൃത നിർമ്മാണം അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നു. നഗരസഭ ഒരു നടപടിയും എടുക്കുന്നില്ല. അഴിമതിയാണ് കാരണം.

ടി.എസ്. അംബുജാക്ഷൻ

ചാർട്ടേഡ് എൻജിനിയർ