ആലുവ: എസ്.എൻ.ഡി.പി യോഗം തോട്ടക്കാട്ടുകര ശാഖ 'ഗുരുഭവനം' പദ്ധതിപ്രകാരം നിർമ്മാണം പൂർത്തീകരിച്ച വീടിന്റെ താക്കോൽ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു കൈമാറി. ഈസ്റ്റ് കടുങ്ങല്ലൂർ നരസിംഹ സ്വാമി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന തുഞ്ചൻപറമ്പിൽ അജിക്കാണ് വീട് നിർമ്മിച്ച് നൽകിയത്.
പെയിന്റിംഗ് തൊഴിലാളിയായ അജിയും കുടുംബവും രണ്ടേമുക്കാൽ സെന്റ് സ്ഥലത്തെ ചോർന്നൊലിക്കുന്ന വീട്ടിലായിരുന്നു താമസം. വീട്ടമ്മയായ ഭാര്യയും പ്ളസ് വൺ വിദ്യാർത്ഥിനിയായ മകളും മാത്രമാണുള്ളത്. കഴിഞ്ഞ വർഷം ശാഖയിൽ നടന്ന വിശേഷാൽ പൊതുയോഗത്തിന്റെ തീരുമാനപ്രകാരമാണ് വീട് നിർമ്മിച്ച് നൽകിയത്.
കഴിഞ്ഞ ദിവസം നടന്ന താക്കോൽദാന ചടങ്ങിൽ ശാഖാ പ്രസിഡന്റ് ദിലീപ് കുമാർ, സെക്രട്ടറി പി.ആർ. രാജേഷ്, നിർമ്മാണ കമ്മിറ്റി കൺവീനർ വി.എസ്. രാജൻ, ജോയിന്റ് കൺവീനർ ധർമ്മരാജ്, മുൻ പഞ്ചായത്തംഗം ശ്രീകുമാർ മുല്ലേപ്പിള്ളി, മണി എന്നിവർ സംബന്ധിച്ചു.