പറവൂർ: വ്യവസായത്തെക്കുറിച്ചുള്ള ശ്രീനാരായണ ഗുരുവിന്റെ കാഴ്ചപ്പാട് പ്രാവർത്തികമാക്കാൻ എല്ലാ വീടുകൾക്കും വ്യവസായത്തിനായി ലൈസൻസ് നൽക്കാനുള്ള സാഹചര്യം സംസ്ഥാന സർക്കാർ ഒരുക്കുകയാണെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ചാലാക്ക ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിന്റെ ഗുരുദേവ ചാരിറ്റബിൾ ട്രസ്റ്റീ മീറ്റിംഗും കുടുംബസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വിദ്യയാണ് സ്വാതന്ത്ര്യത്തിലേക്കുള്ള വഴിയെന്ന് ഗുരു ആത്മീയ ജ്ഞാനത്തിലൂടെ തിരിച്ചറിഞ്ഞിരുന്നു. വിശ്വാസം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുള്ള സന്ദേശങ്ങൾക്ക് ശേഷം ചെറായിയിൽ ഗുരു ആഹ്വാനം ചെയ്തത് ഇനി വ്യവസായമാണ് വേണ്ടത് എന്നാണ്. ഈ സന്ദേശം ഉൾക്കൊണ്ടാണ് മഹാകവി കുമാരനാശാൻ അടക്കം നിരവധി പേർ വ്യവസായ സംരംഭങ്ങൾ തുടങ്ങിയതെന്നും മന്ത്രി പറഞ്ഞു.
ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് ഒരു ഡീംഡ് യൂണിവേഴ്‌സിറ്റിയാക്കി ഉയർത്താനുള്ള മാനേജ്മെന്റിന്റെ ശ്രമങ്ങൾ എത്രയും വേഗം സാക്ഷാത്കരിക്കപ്പെടട്ടെയെന്ന് മന്ത്രി ആശംസിച്ചു.
ഗുരുദേവ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് പ്രദീപ്കുമാർ തങ്കപ്പൻ അദ്ധ്യക്ഷനായി. ട്രസ്റ്റ് സെക്രട്ടറി കെ.ഡി. വേണുഗോപാൽ, ഗുരുദേവ ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപക പ്രസിഡന്റ് ഡോ. കെ.ആർ. രാജപ്പൻ, എം.ജി. പുഷ്പാകരൻ, എ.വി. അനൂപ്, ഡോ. ചന്ദ്രമോഹൻ, പ്രൊഫ. ഡോ. പി.എ. സേതു, എ.പി. സദാനന്ദൻ, കെ.കെ. കർണ്ണൻ, സുധാകരൻ പോളശേരി തുടങ്ങിയവർ സംസാരിച്ചു.
എം.ബി.ബി.എസ് പരീക്ഷയിൽ റാങ്ക് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു, മെഡിക്കൽ കോളേജിലെയും നഴ്‌സിംഗ് കോളേജിലെയും വിദ്യാർത്ഥികളും ട്രസ്റ്റ് കുടുംബാംഗങ്ങളും അവതരിപ്പിച്ച കലാപരിപാടികളും നടന്നു. ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിന്റെ സ്ഥാപക ചരിത്രം പ്രമേയമാക്കി നിർമ്മിച്ച 'ഹൃദയത്തിൽ സൂക്ഷിക്കാൻ" എന്ന ഡോക്യുമെന്ററിയുടെ പ്രദർശനം, ട്രസ്റ്റീസ് ഡയറക്ടറി പ്രകാശനം, ഓണസദ്യ എന്നിവയുമുണ്ടായിരുന്നു.