ആലുവ: വിവരാവകാശ പ്രവർത്തകനെതിരെ പ്രമേയം പാസാക്കിയ പഞ്ചായത്തംഗങ്ങൾക്കെതിരായ പിഴ ഈടാക്കാത്ത സെക്രട്ടറിക്ക് എതിരെ ഓംബുഡ്സ്‌മാന് വീണ്ടും പരാതി. തദ്ദേശ സ്വയംഭരണ വകുപ്പ് ഓംബുഡ്‌‌സ്‌മാൻ ഒ പി 760/2024 നമ്പർ കേസിൽ കഴിഞ്ഞ ജൂൺ 13നാണ് നിയമവിരുദ്ധമായ പ്രമേയത്തെ പിന്തുണച്ച ചൂർണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ 11 പേർക്കെതിരെ ഓംബുഡ്സ്മാൻ 2000 രൂപ വീതം പിഴ ചുമത്തിയത്.

മെമ്പർമാരിൽ നിന്നും ഈടാക്കുന്ന തുകയിൽ 1000 രൂപ വീതം പരാതിക്കാരനും ബാക്കി 1000 രൂപ വീതം ഓംബുഡ്സ്മാൻ ഓഫീസിലേക്കുമാണ് നൽകേണ്ടിയിരുന്നത്. എന്നാൽ രണ്ടുമാസം കഴിഞ്ഞിട്ടും ഓണറേറിയത്തിൽ നിന്ന് പിഴ തുക ഈടാക്കാൻ സെക്രട്ടറി തയ്യാറായിട്ടില്ല. ശിക്ഷിക്കപ്പെട്ട വാർഡംഗങ്ങളെ അയോഗ്യരാക്കണമെന്നു ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെയും പരാതിക്കാരനായ വിവരാവകാശ പ്രവർത്തകൻ തായിക്കാട്ടുകര സ്വദേശി കെ.ടി. രാഹുൽ സമീപിച്ചിട്ടുണ്ട്.