pump
കൃഷി​വകുപ്പ് ഏറ്റെടുത്ത മറുവാക്കാട്ടെ പമ്പുപുര സന്ദർശി​ക്കുന്ന ഉദ്യോഗസ്ഥർ

പള്ളുരുത്തി​: ചെല്ലാനം മറുവക്കാട് പാടശേഖരത്തിലെ 261 ഏക്കർ നെൽവയലുകളിൽനിന്ന് ഒരാഴ്ചക്കുള്ളിൽ ഉപ്പുവെള്ളം പമ്പുചെയ്തുകളഞ്ഞ് കൃഷിയോഗ്യമാക്കുമെന്ന് കളക്ടർ ജി. പ്രിയങ്ക കർഷകർക്ക് ഉറപ്പുനൽകി. വിത്ത് വിതയ്ക്കുവാനുള്ള സാഹചര്യം ഉറപ്പാക്കുമെന്ന് പൊക്കാളി നിലവികസന അതോറിട്ടി​ (പി.എൽ.ഡി.എ) യോഗത്തിൽ അതോറിട്ടി​ ചെയർമാൻ കൂടിയായ കളക്ടർ പറഞ്ഞു.

ഏപ്രിൽ 15നുള്ളിൽ വയലുകളിൽനിന്ന് പൂർണമായും ഒഴിവാക്കേണ്ട ഉപ്പുവെള്ളമാണ് നാലുമാസത്തിനുശേഷം ഒഴിവാക്കുന്നത്. 50 എച്ച്.പി​യുടെ 3 പമ്പുപുരകളും കൃഷി​വകുപ്പ് ഏറ്റെടുത്തി​രുന്നു. ഇതിൽ ഒരെണ്ണം പ്രവർത്തി​ക്കുന്നി​ല്ല. ഇത് കേടാക്കി​യതാണെന്നും ആരോപണമുണ്ട്. രണ്ടാഴ്ചത്തേക്ക് ദിവസക്കൂലി അടിസ്ഥാനത്തിൽ പമ്പ് ഓപ്പറേറ്ററെ നിയോഗിക്കുവാൻ തുക അനുവദിച്ചിട്ടുണ്ട്.

ഈ മാസംതന്നെ മറുവക്കാട് പാടശേഖരത്തിലെ നെൽവയൽ ഉടമകളുടെ യോഗം കൃഷി ഓഫീസറുടെ സാന്നിദ്ധ്യത്തിൽ ചേർന്ന് നെൽക്കൃഷി ഫലപ്രദമായി നടത്തുന്നത് സംബന്ധിച്ചുള്ള നടപടികൾ തീരുമാനിക്കും. ഡെപ്യൂട്ടി കളക്ടർ കെ.വി. മനോജ്, വൈറ്റില നെല്ല് ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞ ദീപ തോമസ്, കർഷകരായ എം.എം. ചന്തു, ഫ്രാൻസിസ് കളത്തിങ്കൽ, കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജോസഫ്, കൃഷി​, മൈനർ ഇറിഗേഷൻവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

• മറുവാക്കാട് പാടശേഖരം

ചെല്ലാനത്തെ 460ഏക്കർ പൊക്കാളി പാടശേഖരം. ഇതിൽ 261ഏക്കർ മാത്രമാണ് കൃഷിയോഗ്യം. 20സെന്റുമുതൽ പത്തേക്കർവരെ സ്വന്തമായുള്ള നൂറോളം ഉടമകളുണ്ട്. മറുവാക്കാട് പാടശേഖര കർഷക യൂണിയന്റെ കീഴിലാണ് കർഷകക്കൂട്ടായ്മ.

നെൽ, മത്സ്യക്കൃഷികൾ മാറിമാറി ചെയ്യുന്ന പൊക്കാളിപ്പാടങ്ങളിൽ കൂടുതൽ കർഷകർക്കും നെൽക്കൃഷിയോട് താത്പര്യമില്ല. ലാഭം മത്സ്യക്കൃഷിയിലുമാണ്. നെൽക്കൃഷി മുടക്കാൻ പാടില്ലെന്നതാണ് നിയമം. ഉടമകളിൽ നല്ലൊരുഭാഗം വിദേശമലയാളികളാണ്.

• പൊക്കാളി​ കൃഷി​

ഓരുജലത്തി​ൽ വളരുന്ന നെല്ലാണ് പൊക്കാളി​. ആലപ്പുഴ, എറണാകുളം, തൃശൂർ തീരദേശത്ത് മാത്രമാണ് കൃഷി​. വളം, കീടനാശി​നി​ പ്രയോഗം വേണ്ട. പരി​ചരണവും വളരെ കുറച്ചുമതി​. ഭൂരി​ഭാഗം പൊക്കാളിപ്പാടങ്ങളും തരി​ശുകി​ടക്കുകയോ മത്സ്യക്കൃഷി​മാത്രം ചെയ്യുന്നവയോ ആണ്. ഏപ്രി​ൽ 15 മുതൽ നവംബർ 15 വരെയാണ് പൊക്കാളി​ കൃഷി​ക്കാലം, പി​ന്നെയുള്ള അഞ്ചുമാസം മത്സ്യക്കൃഷി​​ക്ക് ഉപയോഗി​ക്കും.

പൊക്കാളി​ക്കൃഷി​ അന്യംനി​ൽക്കുന്ന കാലത്ത് കൃഷി​ക്കായി​ മുന്നോട്ടുവരുന്ന ഭൂഉടമകളെ പ്രോത്സാഹി​പ്പി​ക്കണം. മത്സ്യക്കൃഷി​ മാത്രമേ നടത്തൂവെന്ന നി​ലപാട് ശരി​യല്ല.

ഫ്രാൻസിസ് കളത്തിങ്കൽ,

പൊക്കാളി​ കർഷകൻ