മൂവാറ്റുപുഴ: കച്ചേരിത്താഴം പാലത്തിന് സമീപം രൂപപ്പെട്ട ഗർത്തം അടയ്ക്കുന്നതിനുള്ള ശ്രമം പുരോഗമിക്കുന്നു. കച്ചേരിത്താഴം പുതിയ പാലത്തിലൂടെയുള്ള ഗതാഗതം രണ്ടാംദിനവും നിയന്ത്രിച്ചാണ് ഗർത്തം അടയ്ക്കുന്നതിനുള്ള ശ്രമം തുടരുന്നത്. പാലത്തിനോട് ചേർന്നുള്ള അപ്രോച്ച് ഇടിയുന്നത് തടയുന്നതിനായി 27 അടിയോളം താഴ്ചയിലേക്ക് മെറ്റൽ ഷീറ്റ് പൈലിംഗ് നടത്തുന്ന ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. എന്നാൽ ഭൂമിക്കടിയിൽ കരിങ്കൽക്കെട്ട് പോലുള്ള നിർമ്മാണത്തിൽ തട്ടി പൈലിംഗ് ഇടയ്ക്കിടെ തടസപ്പെട്ടതും ശക്തമായ പൈലിംഗ് ആരംഭിച്ചപ്പോൾ യന്ത്രത്തിന് തകരാർ സംഭവിച്ചതും പൈലിംഗിന് കാലതാമസത്തിന് കാരണമായി. പിന്നീട് തകരാർ പരിഹരിച്ച ശേഷമാണ് പൈലിംഗ് പുനരാരംഭിച്ചത്.
പൈലിംഗ് പൂർത്തിയാകുന്നതോടെ മണ്ണടിച്ചിൽ പൂർണമായി ഒഴിവാക്കാനാകുമെന്നാണ് കരാർ കമ്പനി പ്രോജക്ട് എൻജിനീയർ പറയുന്നത്. ഇതിന് ശേഷം കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥർ നൽകുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും തുടർ പ്രവർത്തനങ്ങൾ.
കുരുക്കിലമർന്ന് മൂവാറ്റുപുഴ
ഞായറാഴ്ച രാവിലെ മുതലാണ് പുതിയ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചത്. ഇതോടെ എം.സി റോഡ് സ്തംഭച്ചിരിക്കുകയാണ്. പഴയ പാലത്തിലൂടെ ഒരു വശത്തേക്ക് മാത്രമേ വാഹനങ്ങൾ കടന്നു പോകാൻ അനുവദിക്കുന്നുള്ളൂ. വാഹന യാത്രക്കാർക്ക് മൂവാറ്റുപുഴ നഗരം കടന്നു കിട്ടാൻ മണിക്കൂറുകൾ കാത്തു കിടക്കേണ്ട അവസ്ഥയാണ്. എം.സി റോഡിന് പുറമേ മൂവാറ്റുപുഴ- പുനലൂർ റോഡിലും, കൊച്ചി-ധനുഷ്കോടി റോഡിലും വാഹനങ്ങൾ കുരുങ്ങി. ആംബുലൻസ് ഉൾപ്പെടെയുള്ള അത്യാവശ്യ വാഹനങ്ങളും ഗതാഗതക്കുരുക്കിൽ അകപ്പെടുകയാണ്. പാലം അടച്ചതോടെ ഇ.ഇ.സി മാർക്കറ്റ് മുതൽ ചാലക്കടവ് വരെയുള്ള ഭാഗത്താണ് ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. ചിങ്ങമാസം ആരംഭിച്ചതോടെ വിവാഹ വാഹനങ്ങളും നഗരത്തിലെ വേദികളിലേക്ക് എത്താൻ ബുദ്ധിമുട്ടുകയാണ്. നഗരത്തിലെ സ്വകാര്യ, പൊതുമേഖല സ്ഥാപനങ്ങളിലെത്തേണ്ട ഇരുചക്ര വാഹനങ്ങൾ നെഹ്റു പാർക്കിൽ പാർക്ക് ചെയ്‌തതിന് ശേഷം പാലത്തിലൂടെ കാൽനടയായാണ് എത്തിച്ചേർന്നത്.
പാലം അടച്ച സാഹചര്യത്തിൽ നഗരത്തിൽ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് മൂവാറ്റുപുഴ മുൻസിപ്പാലിറ്റിയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു.
ടിപ്പർ, ടോറസ്, തടിവണ്ടി എന്നീ വാഹനങ്ങൾ മൂവാറ്റുപുഴ നഗരത്തിൽ പ്രവേശിക്കാൻ പാടില്ലെന്ന് മൂവാറ്റുപുഴ ട്രാഫിക് പൊലീസ് അറിയിച്ചു.
അറിയിപ്പ് ലംഘിച്ചാൽ കനത്ത പിഴ ഈടാക്കും.