കിഴക്കമ്പലം: എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പാക്കാൻ തീരുമാനിച്ച പട്ടിമറ്റത്തെ സമഗ്ര ട്രാഫിക്പരിഷ്കാരം ചിലരുടെ സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടി അട്ടിമറിച്ചെന്ന് ആരോപണമുയരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ശേഷം ആവശ്യമായ മാറ്റങ്ങൾ വരുത്തി സ്ഥിരം സംവിധാനമാക്കാൻ തീരുമാനിച്ച പരിഷ്കാരമാണ് അട്ടിമറിക്കപ്പെട്ടത്. ഇത് നടപ്പാക്കാൻ മുന്നിട്ടിറങ്ങിയ പെരുമ്പാവൂർ എ.സി.പി ശക്തിസിംഗ് ആര്യ സ്ഥലം മാറി പോയതോടെ പട്ടിമറ്റം ഗസ്റ്റ് ഹൗസിൽ ചേർന്ന ഉന്നതതല യോഗത്തിന്റെ തീരുമാനം ഇനിയും ഫയലിൽ ഉറങ്ങുന്നു. ഇത് രണ്ടാമത് തവണയാണ് ഇത്തരത്തിൽ ട്രാഫിക് പരിഷ്കാരത്തെ അട്ടിമറിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് സമാന അനുഭവം പട്ടിമറ്റത്തുകാർക്കുണ്ട്. പട്ടിമറ്റം കുടുങ്ങിക്കിടക്കണമെന്ന വാശിയുള്ളവർ ആരെന്നാണ് നാട്ടുകാരുടെ ചോദ്യം. ബസ് സ്റ്റോപ്പ് മാറ്റുമ്പോൾ ബോർഡുകൾ സ്ഥാപിക്കാനുള്ള പണമില്ലെന്ന വാദമുയർത്തിയാണ് പരിഷ്കാരത്തെ അട്ടിമറിച്ചത്.
ഓണക്കാലമടുത്തതോടെ ടൗണിലെ തിരക്ക് ക്രമാതീതമായി ഉയരുകയാണ്. മിക്കദിവസങ്ങളിലും വൈകുന്നേരമായാൽ പട്ടിമറ്റം കടന്നുകിട്ടാൻ പാടാണ്. അത്തം തുടങ്ങുന്നതോടെ തിരക്ക് ഇരട്ടിയാകും, കുരുക്ക് മണിക്കൂറുകളോളം നീളും. മൾട്ടി സ്പെഷ്യലിറ്റികൾ അടക്കം പട്ടിമറ്റത്തിന് ചുറ്റുമുള്ള മേഖലകളിലെ ആശുപത്രികളിലേയ്ക്ക് ജീവനുവേണ്ടി പായുന്ന ആംബുലൻസുകളടക്കമാണ് കുരുക്കിലാകുന്നത്.
തീരുമാനങ്ങൾ ചവറ്റുകൊട്ടയിൽ
ട്രാഫിക് പരിഷ്കാരം ചർച്ച ചെയ്യുന്നതിന് ആദ്യം പട്ടിമറ്റം വ്യാപാര ഭവനിൽ ചേർന്ന പൊതുചർച്ചയിൽ ടൗണിന്റെ നാലുവശത്തുമുള്ള ബസ് സ്റ്റോപ്പ് മുന്നിലേയ്ക്ക് നീക്കണമെന്നായിരുന്നു തീരുമാനം. പിന്നീട് ഗസ്റ്റ് ഹൗസിൽ നടന്ന ഉന്നതതല യോഗത്തിന് ശേഷം എം.എൽ.എയുടെയും എ.സി.പിയുടെയും നേതൃത്വത്തിൽ നിർദ്ദിഷ്ട ബസ് സ്റ്റോപ്പുകളിൽ നടത്തിയ പരിശോധനയിൽ കോലഞ്ചേരി ബസ് സ്റ്റോപ്പ്,പട്ടമറ്റം ജംഗ്ഷൻ എത്തുന്നതിന് തൊട്ടുമുമ്പ് നിലവിലുള്ള ഓട്ടോ സ്റ്റാൻഡിന് സമീപം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കണമെന്ന നിർദ്ദേശമുയർന്നു. ഇതോടെയാണ് പരിഷ്കാര തീരുമാനം ചവറ്റുകൊട്ടയിലായത്.
ടൗണിലെ വാക്ക് വേയിലേയ്ക്ക് ഇറക്കി വച്ചുള്ള മുഴുവൻ കച്ചവടങ്ങളും ഒഴിവാക്കും.
കോലഞ്ചേരി ബസ് സ്റ്റോപ്പ് നിലവിലുള്ള പെരുമ്പാവൂർ ബസ് സ്റ്റോപ്പിന് എതിർവശത്തേയ്ക്ക് മാറ്റും.
ഓട്ടോ സ്റ്റാൻഡ് വ്യാപാര സ്ഥാപനങ്ങളോടെ ചേർത്ത് നിശ്ചിത എണ്ണം മാത്രം പാർക്ക് ചെയ്യുന്ന രീതിയിൽ മാറ്റും
എറണാകുളം ബസ് സ്റ്റോപ്പ് കെ.എസ്.ഇ.ബി ഓഫീസിന് സമീപത്തേയ്ക്ക് മാറ്റും
മൂവാറ്റുപുഴ ബസ് സ്റ്റോപ്പ് കിൻസ് ഷൂ മാർട്ടിന് സമീപത്തേയ്ക്ക് മാറ്റും
പെരുമ്പാവൂർ ബസ് സ്റ്റോപ്പിൽ കുരിശു പള്ളിയ്ക്ക് സമീപം നിർത്തി ആളുകളെ കയറ്റി ഇറക്കണം.
ബസ് സ്റ്റോപ്പുകൾക്ക് സമീപം യാതോരുവിധ പാർക്കിംഗും അനുവദിക്കില്ല.
മൂവാറ്റുപുഴ റോഡിലുള്ള ഓട്ടോ സ്റ്റാൻഡ് ബസ് സ്റ്റോപ്പിന് സമീപത്ത് നിന്ന് അല്പം കൂടി പിന്നിലേയ്ക്ക് മാറ്റും.
ആവശ്യമായ സ്ഥലങ്ങളിൽ നോ പാർക്കിംഗ് ബോർഡ് സ്ഥാപിച്ച് അനധികൃത പാർക്കിംഗുകൾ ഒഴിവാക്കും.
അനധികൃത പാർക്കിംഗിനെതിരെ കർശന നടപടി എടുക്കും.