നെടുമ്പാശേരി: തെറ്റായ തണ്ടപ്പേരും റീ സർവ്വേ നമ്പറും ചേർത്തതിനെ തുടർന്ന് ലക്ഷങ്ങളുടെ നഷ്ടത്തിനിടയാക്കിയ താലൂക്ക് സർവ്വേയർമാർക്കെതിരെ നടപടിയാവശ്യപ്പെട്ട് റവന്യൂ മന്ത്രിക്ക് പരാതി. ആവണംകോട് മുണ്ടാടൻ വീട്ടിൽ കത്രീന കുഞ്ഞവരയാണ് മന്ത്രി കെ. രാജൻ, ജില്ലാ കളക്ടർ, ആലുവ താലൂക്ക് തഹസിൽദാർ എന്നിവർക്ക് പരാതി നൽകിയത്.

നെടുമ്പാശേരി വില്ലേജിൽ ആവണംകോട് കരയിൽ ബ്ലോക്ക് ഒമ്പതിൽ അന്തരിച്ച ത്രേസ്യയുടെ പേരിലുള്ള സ്ഥലം അങ്കമാലി സബ് രജിസ്റ്റർ ഓഫീസിൽ പോക്കുവരവ് ചെയ്യുന്നതിനാണ് ത്രേസ്യയുടെ മകളായ കത്രീന അപേക്ഷ നൽകിയത്. എന്നാൽ തെറ്റായ തണ്ടപ്പേരും റീസർവ്വേ നമ്പറുമാണ് ലഭിച്ചത്. തുടർന്ന് കൈമാറ്റം ചെയ്ത സ്ഥലം വീണ്ടും ആധാരം ചെയ്യാനായും മറ്റ് ചെലവുകൾക്കും ലക്ഷക്കണക്കിന് രൂപ അധികം ചെലവായി. ഈ തുക ഉത്തരവാദിയായ ഉദ്യോഗസ്ഥനിൽ നിന്ന് ഈടാക്കണമെന്നും അശ്രദ്ധയോടെ രേഖകൾ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നും കത്രീന കുഞ്ഞവര പരാതിയിൽ ആവശ്യപ്പെട്ടു.