കൊച്ചി: ഹരിതകർമ്മസേനയെ സംരംഭകരാക്കുക എന്ന ലക്ഷ്യത്തോടെ മരട് നഗരസഭയിൽ പുതിയ ഇനോക്കുലം യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്കായി ധനാനുമതിപത്രം ലഭിച്ചു. ആന്തൂർ നഗരസഭയിൽ നടന്ന ഹരിതകർമ്മസേന സംരംഭകത്വ വികസന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ 10,04,000 രൂപയുടെ ധനാനുമതി പത്രം മന്ത്രി എം.ബി. രാജേഷിൽനിന്ന് നഗരസഭാ സെക്രട്ടറി എ. നാസിം ഏറ്റുവാങ്ങി.
നഗരസഭയിലെ മാലിന്യസംസ്‌കരണം ശാസ്ത്രീയമായ രീതിയിൽ നടപ്പാക്കുന്നതിലൂടെയും ഹരിത കർമ്മ സേനാംഗങ്ങളെ സ്ഥിരവരുമാനം ലഭിക്കുന്ന സംരംഭകരാക്കി മാറ്റുന്നതിലൂടെയും നിലനില്പുള്ള വികസനമെന്ന ലക്ഷ്യത്തിലെത്തുക, നഗരസഭ 90% സബ്‌സിഡി നിരക്കിൽ നൽകിയിരിക്കുന്ന ഉറവിടമാലിന്യ സംസ്‌കരണ ഉപകരണങ്ങൾ ഉപയോഗിക്കുന്ന ഗുണഭോക്താക്കൾക്ക് ഇനോക്കുലം മിതമായ വിലയിൽ ലഭ്യമാക്കുക എന്നിവയാണ് സംരംഭത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
നിലവിലെ ആർ.ആർ.എഫിലാണ് യൂണിറ്റ് ആരംഭിക്കുന്നത്. നഗരസഭയിൽ സേവനം അനുഷ്ഠിക്കുന്ന ഹരിതകർമ്മ സേനാംഗങ്ങളിൽനിന്ന് 10 പേരെയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഹരിത കർമ്മ സേനാംഗങ്ങൾക്ക് പരിശീലനം, സംരംഭം നടത്താനുള്ള സാങ്കേതികസഹായം, ആവശ്യമുള്ള സാമഗ്രികൾ എന്നിവ ലഭ്യമാക്കുന്നതിനായി നഗരസഭയും കെ.എസ്.ഡബ്ല്യു.എം.പിയും സംയുക്തമായി പ്രവർത്തിക്കും.