ആലുവ: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ മികച്ച വിദ്യാർത്ഥി കർഷക അവാർഡ് ബിരുദ വിദ്യാർത്ഥി എസ്. സ്വാതിഷിന് മന്ത്രി പി. രാജീവ് സമ്മാനിച്ചു. പടിഞ്ഞാറെ കടുങ്ങല്ലൂർ ശിവ നിവാസ് വീട്ടിൽ എസ്. സന്തോഷിന്റെയു ബിന്ദുവിന്റെയും മകനായ സ്വാതിഷ് ആലുവ യു.സി കോളേജിൽ ബി.എസ്‌സി കെമിസിട്രി ഒന്നാം വർഷ വിദ്യാർത്ഥിയാണ്.
ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് കൃഷിയിലേക്ക് ആകൃഷ്ടനായത്. 11-ാമത്തെ വയസിൽ ആട് വളർത്തൽ ആരംഭിച്ചു. പ്ലസ് ടു വരെ വാഴ, കപ്പ, ചീര, മഞ്ഞൾ, കൂർക്ക എന്നിവ കൃഷി ചെയ്തിരുന്നു. പ്രളയകാലത്ത് മൂന്ന് ആടുകളെയും 25 മുട്ടക്കോഴികളെയും നഷ്ടപ്പെട്ടു. ഇപ്പോൾ ആറ് ബീറ്റിൽ ഇനം ആടുകളുണ്ട്. വീട്ടുകാരുടെ പിന്തുണയുണ്ടെങ്കിലും എല്ലാ കാര്യങ്ങളും ഒറ്റയ്ക്കാണ് ചെയ്യുന്നത്. രാവിലെ കോളേജിൽ പോകുന്നതിനു മുമ്പ് ആടുകൾക്കെല്ലാം തീറ്റ നൽകും. വൈകിട്ട് കോളേജ് വിട്ടു വന്നാൽ ആടുകൾക്ക് തീറ്റ നൽകി കൂട് വൃത്തിയാക്കിയതിന് ശേഷമെ സ്വാതീഷ് ജലപാനം പോലും നടത്തൂവെന്ന് മാതാപിതാക്കൾ പറഞ്ഞു.
അവധി ദിവസങ്ങളിൽ ആലുവ ബി.ആർ.സി സ്‌കിൽ ഡെവലപ്പ്‌മെന്റ് കേന്ദ്രത്തിൽ ഡ്രോൺ ടെക്‌നീഷ്യൻ കോഴ്‌സും സ്വാതീഷ് പഠിക്കുന്നുണ്ട്.