vipin
ചാവറ കൾച്ചറൽ സെന്ററിൽ മലയാളം സിനിമ നീലക്കുയിലിന്റെ നവീകരിച്ച പതിപ്പിന്റെ പ്രദർശനത്തോടനുബന്ധിച്ച് ചിത്രത്തിലെ ബാലതാരമായിരുന്ന വിപിൻ മോഹനെ ആദരിക്കുന്നു

കൊച്ചി: സത്യനും മിസ് കുമാരിയും അനശ്വരമാക്കിയ മലയാള ചലച്ചിത്രം ‘നീലക്കുയി’ലിന്റെ നവീകരിച്ച പതിപ്പിന്റെ പ്രദർശനം കാണികൾക്ക് നവ്യാനുഭവമായി. പി. ഭാസ്‌കരനും രാമു കാര്യാട്ടും ചേർന്ന് സംവിധാനം നിർവഹിച്ച് 1954ൽ വെള്ളിത്തിരയിലെത്തിയ നീലക്കുയിൽ അക്കാലത്തെ വൻഹിറ്റും മലയാളസിനിമയുടെ വളർച്ചയുടെ നാഴികക്കല്ലുകളിൽ ഒന്നുമായിരുന്നു.

ചാവറ കൾച്ചർ സെന്ററും കൊച്ചിൻ ഫിലിം സൊസൈറ്റിയും നാഷണൽ ഫിലിം ആർക്കേവ്‌സിന്റെ സഹകരണത്തോടെ ചാവറ കൾച്ചറൽ സെന്ററിലെ ഡോൾബി തീയറ്ററിലാണ് പ്രദർശനം സംഘടിപ്പിച്ചത്. സിനിമയിലെ നായികയും ആദ്യകാല താരവുമായി മിസ് കുമാരിയുടെ മകൻ ബാബു തളിയത്തും നീലക്കുയലിൽ ബാലതാരമായി വേഷമിട്ട വിപിൻ മോഹനനും ചടങ്ങിൽ പങ്കെടുത്തു. വിപിൻ മോഹൻ പിന്നീട് ഛായാഗ്രാഹകനെന്ന നിലയിലാണ് പ്രശസ്തനായത്. കവിയും തത്വശാസ്ത്രജ്ഞനുമായ ബാബു തളിയത്ത് അമ്മയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ചു. ചിത്രത്തിന്റെ സമകാലിക പ്രസക്തിയെക്കുറിച്ച് പ്രൊഫ. സി.എസ്. ജയറാം സംസാരിച്ചു.