* സീപോർട്ട്-എയർപോർട്ട് റോഡിൽ
ഒരുമണിക്കൂറിലേറെ ഗതാഗതക്കുരുക്ക്
കാക്കനാട്: കാക്കനാട് ചിറ്റേത്തുകര ഇൻഫോപാർക്ക് എക്സ്‌പ്രസ്‌വേ ഗേറ്റിനുസമീപം സീപോർട്ട്-എയർപോർട്ട് റോഡിൽ ട്രെയിലറിൽനിന്ന് 50ടൺ ഭാരംവരുന്ന ട്രാൻസ്‌ഫോർമർ വീണ് അപകടം. ട്രെയിലറിൽ ട്രാൻസ്ഫോർമർ ചേർത്തുഘടിപ്പിച്ച ഇരുമ്പുകൊളുത്ത് പൊട്ടിയതാണ് അപകടകാരണം. ഇന്നലെ വൈകിട്ടോടെയാണ് ട്രാൻസ്ഫോമർ റോഡിലേക്ക് വീണത്. ബ്രഹ്മപുരത്തുനിന്ന് കളമശേരിയിലേക്ക് അറ്റകുറ്റപ്പണിക്കായി ട്രാൻസ്‌ഫോർമർ കൊണ്ടുപോകുന്നതിനിടെ ആയിരുന്നു സംഭവം. സംഭവസമയം മറ്റ് വാഹനങ്ങൾ സമീപത്തുണ്ടാകാതിരുന്നതിനാൽ ദുരന്തമൊഴിവായി.
ട്രാൻസ്‌ഫോർമർ റോഡിന്റെ മദ്ധ്യഭാഗത്ത് വീണതിനാൽ സീപോർട്ട്-എയർപോർട്ട് റോഡിൽ ഒരുമണിക്കൂറിലേറെ ഗതാഗതക്കുരുക്കുണ്ടായി. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ, ഇൻഫോപാർക്ക് പൊലീസ്, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്, കെ.എസ്.ഇ.ബി അധികൃതർ തുടങ്ങിയവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. വൈകിട്ട് ആറുമണിയോടെ ക്രെയിൻ ഉപയോഗിച്ച് ട്രാൻസ്ഫോമർ റോഡിൽനിന്ന് മറ്റൊരു വാഹനത്തിലേക്ക് മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.