കോതമംഗലം: ഇടമലയാർ ഡാമിൽ ജലനിരപ്പ് ഉയർന്നതോടെ ഡാം തുറക്കുന്നതിന്റെ ആദ്യ മുന്നറിയിപ്പായ ബ്ലൂ അലർട്ട് നൽകി. ജലനിരപ്പ് 162 മീറ്ററിൽ എത്തിയപ്പോഴാണ് ബ്ലൂ അലർട്ട് നൽകിയത്. അര മീറ്റർകൂടി ഉയർന്നാൽ ഓറഞ്ച് അലർട്ട് നൽകും. 163 മീറ്ററിൽ എത്തുമ്പോൾ റെഡ് അലർട്ട് നൽകുകയും പിന്നീട് ഷട്ടർ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുകയും ചെയ്യും. 169 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. 20-ാം തീയതിവരെയുള്ള റൂൾ കർവ് പ്രകാരമാണ് 163 മീറ്ററിലെത്തുമ്പോൾ ഡാം തുറക്കുക. 21-ാം തീയതി മുതൽ റൂൾ കർവ് 164 മീറ്ററാണ്. ഇന്നലെ വൈകുന്നേരത്തെ ജലനിരപ്പ് 162.3 മീറ്ററാണ്. വൈദ്യുതി ഉത്പാദനം പൂർണതോതിൽ നടത്തി പരമാവധി വെള്ളം ഉപയോഗിക്കാനാണ് കെ.എസ്.ഇ.ബിയുടെ തീരുമാനം. വൃഷ്ടി പ്രദേശത്ത് മഴയുടെ ശക്തി കുറഞ്ഞതോടെ നീരൊഴുക്കിൽ കുറവുണ്ടായിട്ടുണ്ട്.