kuzhilyile-mannu-neekunu

മൂവാറ്റുപുഴ: കച്ചേരിത്താഴം പാലത്തിന് സമീപത്തെ വിള്ളലിന് പെട്ടന്ന് പരിഹാരമില്ല. എന്നാൽ രണ്ട് ദിവസമായി അടച്ചിരിക്കുന്ന പാലത്തിലൂടെ ചൊവ്വാഴ്ച്ച ഭാഗികമായി ഗതാഗതം അനുവദിക്കും. കഴിഞ്ഞ ദിവസങ്ങളിലെ പരിശോധനകളിൽ റോഡിന്റെ തകർച്ചക്ക് കാരണം മണ്ണിനടിയിലെ പഴയ ഓടകളുടെ തകർച്ചയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവ മാറ്റി പുതിയ ഓട നിർമ്മിക്കണമെന്നാവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എം.എൽ.എയുടെ നേതൃത്വത്തിൽ കിഫ്ബിക്ക് റിപ്പോർട്ട് നല്കി. മണ്ണ് നീക്കി നടത്തിയ പരിശോധനയിൽ പഴയ ഓടകളുടെ മുകൾ സ്ലാബുകളും ഭിത്തികളും തകർന്നിരിക്കുകയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് പൂർണമായും നീക്കി റോഡിന് കുറുകെ പുതിയ ഓട നിർമ്മിച്ച് മുനിസിപ്പൽ ബിൽഡിംഗിന്റെ അരികിലൂടെ പുഴയിലേക്ക് തുറക്കണമെന്നാണ് ആവശ്യപ്പെട്ടരിക്കുന്നത്. ബുധനാഴ്ച്ച ഇത് പരിശോധിക്കാൻ കിഫ്ബി വിദഗ്ധ സംഘം എത്തുമെന്നും എം.എൽ.എ അറിയിച്ചു.

പരിശോധിക്കുന്നതിനിടെ ഗർത്തം വലുതാകുന്നത് തടയുന്നതിന്റെ ഭാഗമായി ഷീറ്റ് പൈലിങ് നടത്തിയിരുന്നു. ഗർത്തത്തിൽ നിന്ന് കുറച്ച് മാറി 14 അടി ആഴത്തിൽ വലിയ ഇരുമ്പ് ഷീറ്റ് ഹൈഡ്രോളിക് യന്ത്രസംവിധാനം ഉപയോഗിച്ച് ഇറക്കുന്ന പ്രവർത്തനമാണ് നടത്തിയിരിക്കുന്നത്. തിങ്കളാഴ്ച്ച ഫയർഫോഴ്‌സിന്റെയും സ്വകാര്യസ്ഥാപനത്തിന്റെയും ടാങ്കുകളിൽ വെള്ളം എത്തിച്ച് നിലവിലെ ഓടകളിലൂടെ പുഴയിലേക്ക് ഒഴുക്കിയിരുന്നു. വെള്ളം എത്തുന്നുണ്ടോ എന്ന് കണ്ടെത്താനായിരുന്നു ഇത്.