പള്ളുരുത്തി: ഓട്ടോയിൽ നിന്ന് ലഭിച്ച ആറര പവൻ സ്വർണം ഉടമയെ കണ്ടെത്തി തിരികെ ഏൽപ്പിച്ച് പൊതുപ്രവർത്തകനും ഡ്രൈവറുമായ ഹരികൃഷ്ണൻ മാതൃകയായി. എറണാകുളം നോർത്തിൽ നിന്ന് കയറിയ ആളുടെതായിരുന്നു സ്വർണം. എറണാകുളത്ത് യാത്രക്കാരനെ ഇറക്കി തിരികെ പള്ളുരുത്തിയിൽ എത്തിയപ്പോഴാണ് ഓട്ടോറിക്ഷയിൽ സ്വർണം ഇരിക്കുന്നത് ഹരികൃഷ്ണന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടനെ സുഹൃത്തുക്കളും പൊതുപ്രവർത്തകരുമായ തമ്പി സുബ്രഹ്മണ്യം, എം.എച്ച്. ഹരേഷ്, നിഷിത് പ്രഭാത് എന്നിവരെ വിവരം അറിയിച്ചു. ഇവരാണ് പൊലീസിൽ വിവരം അറിയിച്ചത്. ഇതിനിടയിൽ സ്വർണം നഷ്ടപ്പെട്ട യുവാവ് നോർത്ത് സ്റ്റേഷനിലെത്തി. വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ ഹരികൃഷ്ണൻ ഉടമയ്ക്ക് സ്വർണം കൈമാറി.