ആലുവ: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉദ്ഘാടനം വൈകിപ്പിക്കുന്നുവെന്ന ആരോപണമുയർന്നതോടെ ആലുവയിലെ നൂതന ജൈവമാലിന്യ സംസ്കരണ സംവിധാനം 23ന് തുറക്കാൻ തീരുമാനം. കഴിഞ്ഞ 13ന് 'മാലിന്യം നിക്ഷേപിക്കാൻ എ.സി ബൂത്ത്: ഉദ്ഘാടനം വൈകിപ്പിക്കുന്നതായി ആക്ഷേപം' എന്ന 'കേരളകൗമുദി' വാർത്തയെ തുടർന്നാണ് നടപടി.
ജൂലായ് ആദ്യവാരത്തോടെ നിർമ്മാണം പൂർത്തിയായിരുന്നു. ഉദ്ഘാടനം വൈകിയത് സാമ്പത്തിക നഷ്ടം വരുത്തുന്നതായി എടയാർ റോബോബിൻ എൻവിറോ ടെക് പ്രതിനിധികൾ ആരോപിച്ചിരുന്നു. ജൂലായ് മാസം സ്ഥാപനം തുറക്കുമെന്ന ധാരണയിൽ മാലിന്യം നൽകുന്നതിന് വിളിക്കുന്നവർക്ക് നിരാശയായിരുന്നു ഫലം. ഉദ്ഘാടകനായ മന്ത്രിയുടെ സൗകര്യത്തിനായി കാത്തിരിക്കുകയാണെന്നായിരുന്നു നഗരസഭയുടെ അനൗദ്യോഗിക വിശദീകരണം.
മാലിന്യം നിക്ഷേപിക്കാൻ ഏഴു രൂപ
രാജ്യത്ത് ആദ്യമായിട്ടാണ് ബാങ്ക് എ.ടി.എം കൗണ്ടർ മാതൃകയിൽ ശീതീകരിച്ച ജൈവമാലിന്യ സംസ്‌കരണ ബൂത്ത് നിർമ്മിച്ചത്.
ആലുവ ടൗൺഹാളിന് മുമ്പിൽ എടയാർ റോബോബിൻ എൻവിറോ ടെക് ആണ്ണ് 20 ലക്ഷം രൂപ മുടക്കി മാലിന്യസംസ്‌കരണ സംവിധാനം സ്ഥാപിച്ചത്.
നഗരസഭയ്ക്ക് പണച്ചെലവില്ലെന്ന് മാത്രമല്ല വരുമാനത്തിന്റെ 30 ശതമാനം ലഭിക്കുകയും ചെയ്യും.
ഒരു കിലോ ജൈവമാലിന്യം നിക്ഷേപിക്കുന്നതിന് ഏഴ് രൂപയാണ് നിരക്ക്.
ദിവസം ഏഴ് ടൺ മാലിന്യം വരെ നിക്ഷേപിക്കാം.
മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും
23ന് വൈകിട്ട് മൂന്നിന് ആലുവയിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷനാകും. കേരള ഓട്ടോ മൊബൈൽ ലിമിറ്റഡ് എം.ഡി വി.എസ്. രാജീവ് മുഖ്യതിഥിയാകും. സ്ഥാപകൻ ഷിബു വിജയഭേദം പദ്ധതി അലോകനം ചെയ്യും. നഗരസഭാ ചെയർമാൻ എം.ഒ. ജോൺ, വൈസ് ചെയർപേഴ്സൺ സൈജി ജോളി, നഗരസഭാ സെക്രട്ടറി പി.ജെ. ജെസിന്ത എന്നിവർ സംസാരിക്കും.