പറവൂർ: പറവൂരിനെ കൊച്ചി വ്യവസായ നഗരവുമായി എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന ചാത്തനാട് - മൂലമ്പിള്ളി തീരദേശപാതയിലെ ചാത്തനാട് - വലിയ കടമക്കുടി പാലത്തിന്റെ നിർമ്മാണം പൂർത്തിയായി. 30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ചാത്തനാട് - വലിയക്കുടി പാലം യാഥാർത്ഥ്യമാകുന്നത്. മൂലമ്പിള്ളി, പിഴല, കടമക്കുടി ദ്വീപുകളുടെ സമഗ്രവികസനം ലക്ഷ്യം വച്ച് 2013ൽ ജിഡ കൗൺസിലാണ് പദ്ധതി പ്രഖ്യാപിച്ചത്.
മൂന്ന് പാലങ്ങളും റോഡിന്റെ വികസനത്തിനും 120 കോടി രൂപയാണ് ചെലവ് കണക്കാക്കിയത്. 2013 ഡിസംബർ 29ന് അന്നത്തെ മുഖ്യമന്ത്രി മൂലമ്പിള്ളി - പിഴല, ചാത്തനാട് - വലിയ കടമക്കുടി പാലത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു. മൂലമ്പിള്ളി - പിഴല പാലത്തിന്റെ നിർമ്മാണം ആരംഭിക്കാൻ ഒന്നര വർഷം എടുത്തെങ്കിലും 2022ൽ നിർമ്മാണം പൂർത്തിയാക്കി തുറന്നുകൊടുത്തു. ആദ്യം നിർമ്മാണം തുടങ്ങിയ ചാത്തനാട് - വലിയകടമക്കുടി പാലത്തിന്റെ പുഴയ്ക്ക് മുകളിലെ ഭാഗം 2015ൽ പൂർത്തിയായി. അപ്രോച്ച് റോഡിന്റെ സ്ഥലമെടുപ്പ് തടസങ്ങളുണ്ടായതിനാൽ തുടർനിർമ്മാണം നിലച്ചു.
പ്രളയവും കൊവിഡും മൂലം ഏഴ് വർഷം കഴിഞ്ഞ് പൊന്നുവില നൽകി ഇരുഭാഗത്തും 1.85 ഏക്കർ ഭൂമി 2022 ജൂലായിൽ ഏറ്റെടുത്തു. 2023ൽ അപ്രോച്ച് റോഡിന്റെയും പാലത്തിന്റെയും നിർമ്മാണം പുനഃരാരംഭിച്ചു.
ചാത്തനാട് - വലിയകടമക്കുടി പാലം
നിർമ്മാണ ചെലവ് 56 കോടി.
പാലത്തിന്റെ നീളം 369 മീറ്റർ
വീതി 9.60 മീറ്റർ
ഇരുഭാഗത്തും 60 സെന്റീമീറ്റർ വീതിയിൽ ഫുഡ്പാത്ത്
ചാത്തനാട് ഭാഗത്ത് 71 മീറ്റർ അപ്രോച്ച് റോഡ്
വലിയകടമക്കുടി ഭാഗത്ത് 101 മീറ്റർ അപ്പോച്ച് റോഡ്
ഇരുഭാഗത്തേയും അപ്രോച്ച് റോഡ് ടൈൽ വിരിച്ചു
12 വീടുകളടക്കം 35 പേരുടെ 1.85 ഏക്കർ ഭൂമി ഏറ്റെടുത്തു.
ഭൂരഹിതരായ ഒമ്പത് കുടുംബങ്ങൾക്ക് സൗജന്യമായി മൂന്ന് സെന്റ് ഭൂമി നൽകി.
കടമക്കുടിയിൽ ഭൂരഹിതർ നൽക്കാൻ 44 സെന്റ് ഭൂമി സർക്കാർ ഏറ്റെടുത്തു.
പ്രശ്നങ്ങളേറെ തരണം ചെയ്തു
120 കോടിയുടെ ദ്വീപ് വികസനത്തിന് സി.ആർ. ഇസഡ് നിയമം തടസമായി. റോഡ് വികസനത്തിനായി തയ്യാറാക്കിയ പ്രദേശത്തെ പാടശേകരം നികത്താൻ അനുമതി ലഭിച്ചില്ല. തൂണുകൾ നിർമ്മിച്ച് റോഡ് നിർമ്മാണത്തിന് 300 കോടിയിലധികം ചെലവായി. അധിക ചെലവ് മൂലം റോഡ് നിർമ്മാണം ഉപേക്ഷിച്ചു.
ദ്വീപ് വികസനത്തിന് ഇനിയുള്ളത് പിഴല (പാല്യംതുരുത്ത് )- വലിയകടമക്കുടി പാലമാണ്. പാലം യാഥാർത്ഥ്യമായാൽ പറവൂർ, വടക്കേക്കര, മുനമ്പം, ചെറായി, കുഴുപ്പിള്ളി എന്നീ പ്രദേശത്തുള്ളവർക്ക് കൊച്ചി നഗരം, കളമശേരി, കാക്കനാട് എന്നീവടങ്ങളിലേക്കുള്ള ഏളുപ്പമാർഗമാവും. കിഫ്ബി പദ്ധതിയിൽ 44 കോടി ഭരണാനുമതി ലഭിച്ചു. പാലത്തിന്റെ തൂണകൾ വാട്ടർ മെട്രോ ജെട്ടിക്ക് തടസമാകുന്നതിനാലാണ് പദ്ധതി നീളുന്നത്. പാലം വന്നാലും ഗതാഗത സൗകര്യത്തിന് റോഡുകൾ വീതികൂട്ടണം.