കൊച്ചി: ജില്ലയിലെ പ്രധാന റോഡുകളിലെ ഗതാഗത തടസം അതിരൂക്ഷമായി തുടരുന്നു. ദേശീയപാത 66ൽ ആറുവരി പാതയുടെ നിർമ്മാണം പുരോഗമിക്കുന്നതിനാൽ മൂത്തകുന്നം മുതൽ ഇടപ്പള്ളി വരെ രാവും പകലും വാഹനങ്ങൾ ഇഴഞ്ഞാണ് നീങ്ങുന്നത്. ആലുവ മെട്രോ ജംഗ്ഷനിലും പറവൂർ കവലയിലുമാണ് ദേശീയപാത 544ലെ ഗതാഗതക്കുരുക്കിന് തുടക്കം. ഈ ഹൈവേയും എൻ.എച്ച് 66ഉം സംഗമിക്കുന്ന ഇടപ്പള്ളിയിലും തിരക്ക് കിലോമീറ്ററുകൾ നീളും.
വാഹനത്തിരക്കേറിയ ജംഗ്ഷനായ ഇടപ്പള്ളി കടന്നുകിട്ടാനും ബുദ്ധിമുട്ടാണ്. കാക്കനാട്ടേക്കുള്ള മെട്രോ നിർമ്മാണം നടക്കുന്നതിനാൽ പാലാരിവട്ടം - കാക്കനാട് റോഡിൽ അക്ഷരാർത്ഥത്തിൽ നിരങ്ങിയാണ് ഗതാഗതം. തൃപ്പൂണിത്തുറ - വൈക്കം റോഡിൽ പുത്തൻകാവ് മുതൽ തൃപ്പൂണിത്തുറ വരെയുള്ള 11 കി.മീറ്ററിലും രൂക്ഷമായ ഗതാഗത തടസമുണ്ട്.
ഏതാനും ദിവസങ്ങളായി എം.സി റോഡിൽ മൂവാറ്റുപുഴ നഗരത്തിൽ ഗതാഗതം മണിക്കൂറുകൾ തടസപ്പെടുന്നു. ഇവിടെ റോഡ് പണികൾ നടക്കുന്നതാണ് പ്രശ്നം. നഗരത്തിൽ ഗതാഗതം നിരോധിച്ചതിനാൽ മേഖലയിലെ കഴിഞ്ഞ ദിവസം വിദ്യാലയങ്ങൾക്ക് കളക്ടർ അവധിയും പ്രഖ്യാപിച്ചിരുന്നു. എം.സി. റോഡിലെ പെരുമ്പാവൂർ, വല്ലം, കാലടി, അങ്കമാലി ജംഗ്ഷൻ എന്നിവിടങ്ങളിലും വാഹനങ്ങൾ ഇഴഞ്ഞു നീങ്ങണം. ആലുവ - മൂന്നാർ റോഡും എം.സി റോഡും സംഗമിക്കുന്ന പെരുമ്പാവൂർ ജംഗ്ഷൻ, എം.സി റോഡിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് തിരിയുന്ന വല്ലം, കാലടി ജംഗ്ഷനുകൾ, കാലടി - ഒക്കൽ പാലം എന്നിവിടങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
ഗതാഗതക്കുരുക്കിൽ വലയുന്ന ജില്ലയിലെ പ്രധാന റോഡുകൾ
• ദേശീയ പാത 66 (മൂത്തകുന്നം - കുമ്പളം ) : 44 കി.മീ.
• ദേശീയപാത 544 (പൊങ്ങം - ഇടപ്പള്ളി) : 31കി.മീ.
• ദേശീയപാത 85 (ചീയപ്പാറ - കൊച്ചി) : 79 കി.മീ.
• എം.സി. റോഡ് (കൂത്താട്ടുകുളം - അങ്കമാലി) : 53കി.മീ.
• വൈക്കം റോഡ് (പൂത്തോട്ട - തൃപ്പൂണിത്തുറ) : 13 കി.മീ