remees
പ്രതി റമീസിനെ കോതമംഗലം കോടതിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങി കൊണ്ടുപോകുന്നു

കോതമംഗലം: കാമുകന്റെയും കുടുംബത്തിന്റെയും മതംമാറ്റ സമ്മർദ്ദവും പീഡനവുംമൂലം ടി.ടി.സി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത കേസിൽ ആഴത്തിലുള്ള അന്വേഷണം പൊലീസ് അവസാനിപ്പിക്കുന്നു. അറസ്റ്റിലായ നാല് പ്രതികൾക്കു പുറമെ മറ്റാർക്കും കേസിൽ പങ്കില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണിത്. ഇതോടെ, നിർബന്ധിത മതപരിവർത്തനത്തിന് കേസ് എടുക്കാനുള്ള സാദ്ധ്യതയടഞ്ഞു.

മുഖ്യപ്രതി റമീസിനോ കുടുംബത്തിനോ മതംമാറ്റവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്താനായിട്ടില്ല. വിദ്യാർത്ഥിനിയുടെ ആത്മഹത്യാ കുറിപ്പിലെ സൂചനയും കൂട്ടുകാരിയുടെ മൊഴിയുമല്ലാതെ മറ്റു തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കേസ് എൻ.ഐ.എ ഏറ്റെടുക്കാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് നിർബന്ധിത മതം മാറ്റവുമായി ബന്ധപ്പെട്ട വകുപ്പ് ചുമത്താത്തതെന്നാണ് സൂചന. റമീസിനെതിരെ ആത്മഹത്യാ പ്രേരണ, പീഡനക്കുറ്റങ്ങളും റമീസിന്റെ പിതാവ് റഹിം, മാതാവ് ഷെറിന, സുഹൃത്ത് അബ്ദുൾ സഹദ് എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റവുമാണ് ചുമത്തിയുള്ളത്.

റമീസിനെ ഇന്നലെ കസ്റ്റഡിയിൽ വാങ്ങി പാനായിക്കുളത്തെ വീട്ടിലെത്തിച്ച് തെളിവെടുത്തു. കോതമംഗലം, പെരുമ്പാവൂർ, കളമശേരി എന്നിവിടങ്ങളിലെ ചില ലോഡ്ജുകളിലും തെളിവെടുപ്പ് നടക്കും.