മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ അനസ്‌തേഷ്യ, എക്‌സ്‌റേ മെഷീനുകൾ തകരാറിലായതായി പരാതി. സമയബന്ധിതമായി ആശുപത്രി വികസന സമിതി യോഗങ്ങൾ ചേരാത്തതും നഗരസഭയുടെ അനാസ്ഥയുമാണ് പ്രതിസന്ധിയാവുന്നത്. സംസ്ഥാനത്തെ പ്രമുഖ പ്രസവ ശസ്ത്രക്രിയാ കേന്ദ്രമായ ഇവിടെ ഓപ്പറേഷൻ തിയേറ്ററുകൾ നവീകരിച്ചിട്ട് രണ്ട് മാസം മാത്രമാണ് ആയത്. 2020-2021 കാലയളവിൽ എൻ.എച്ച്.എം വഴി അനുവദിച്ച 2 കോടി രൂപ ഉപയോഗിച്ചാണ് നവീകരണം നടത്തിയത്. എന്നാൽ, നവീകരണത്തിന് ശേഷം രണ്ട് മാസം തികയും മുമ്പേ അനസ്‌തേഷ്യ മെഷീൻ തകരാറിലായത് ശസ്ത്രക്രിയകളെ പ്രതികൂലമായി ബാധിച്ചു. എക്‌സ്‌റേ സംവിധാനവും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല.
പ്രധാന പ്രശ്നങ്ങൾ
സി.എസ്.ആർ. ഫണ്ടോ എം.എൽ.എ. പ്രാദേശിക വികസന ഫണ്ടോ ഉപയോഗിച്ച് ആശുപത്രിയെ സഹായിക്കാൻ ഉത്തരവാദിത്തപ്പെട്ടവർക്ക് കഴിയുന്നില്ല.
ബയോ മെഡിക്കൽ എൻജിനിയറിംഗ് വിഭാഗത്തെയാണ് അറ്റകുറ്റപ്പണികൾക്കായി ഏൽപ്പിക്കുന്നതെങ്കിലും സമയബന്ധിതമായി പരിഹാരമുണ്ടാകുന്നില്ല.
ജനറൽ അനസ്‌തേഷ്യ ആവശ്യമുള്ള കേസുകൾ മറ്റ് സർക്കാർ ആശുപത്രികളിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയാണ്.
മുൻ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ലാബ് നവീകരണത്തിനും മെഡിക്കൽ ഉപകരണങ്ങൾക്കുമായി എം.എൽ.എ. ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ചിരുന്നു. അങ്കമാലി താലൂക്ക് ആശുപത്രിയിൽ ഉപയോഗത്തിലില്ലായിരുന്ന ഒരു അനസ്‌തേഷ്യ മെഷീൻ സൂപ്രണ്ടിന്റെ ഇടപെടലിനെ തുടർന്ന് മൂവാറ്റുപുഴയിലെത്തിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഉന്നത അധികാരികൾ അടിയന്തര നടപടി കൈക്കൊണ്ട് ആശുപത്രിയുടെ പ്രവർത്തനം സുഗമമാക്കണം
എൽദോ എബ്രഹാം
മുൻ എം.എൽ.എ