elephent

കോതമംഗലം:കീരമ്പാറ പഞ്ചായത്തിലെ ജനവാസമേഖലക്ക് അടുത്ത് വനംവകുപ്പിന്റെ പ്ലാന്റേഷനിൽ തമ്പടിച്ചിരുന്ന ആനകളെ ഉൾവനത്തിലേക്ക് തുരത്തി. മൂന്ന് കൊമ്പൻമാരാണ് തെക്കുമ്മേൽ ഭാഗത്ത് വീടുകൾക്കും കൃഷിയിടങ്ങൾക്കും സമീപമുണ്ടായിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇവ കൃഷിയിടങ്ങളിൽ ഇറങ്ങി നാശനഷ്ടമുണ്ടാക്കിയിരുന്നു. വാച്ചർമാരും നാട്ടുകാരും അടങ്ങുന്ന സംഘമാണ് ദൗത്യം നടപ്പാക്കിയത്. ഇന്നലെ ഉച്ചകഴിഞ്ഞ രണ്ട് മണിയോടെയാണ് ആനകളെ തുരത്താൻകഴിഞ്ഞത്. തുണ്ടം വനത്തിൽ നിന്ന് പെരിയാർ കടന്ന് എത്തുന്ന ആനകളാണ് കീരമ്പാറ പഞ്ചായത്തിലെ പ്ലാന്റേഷനിലും ചേലമല വനത്തിലും തമ്പടിച്ച് ജനവാസമേഖലയിൽ ഇറങ്ങുന്നത്. രണ്ടാഴ്ച മുമ്പും ആനകളെ തുരത്തിയതാണ്.എന്നാൽ ദിവസങ്ങളുടെ ഇടവേളകൾക്ക ശേഷം ആനകൾ തിരികെ എത്തുകയും ചെയ്യും.
ഫെൻസിംഗ് നിർമ്മാണം ഇഴയുന്നു
ആനകളെ പ്രതിരോധിക്കാൻ വനാതിർത്തിയിൽ ഫെൻസിംഗ് നിർമ്മാണം നടക്കുന്നുണ്ട്. എന്നാൽ പ്രവർത്തികൾ മന്ദഗതിയിലാണെന്ന ആക്ഷേപമുണ്ട്. ഫെൻസിംഗ് പൂർത്തിയായാൽ അൽപ്പം ആശ്വാസം ലഭിക്കുമെന്നാണ് പ്രതീഷ. താത്കാലിക ആശ്വാസമല്ല,പ്രശ്‌നത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം

 ആനശല്യം രൂക്ഷം

ആനകൾ മൂലം കടുത്ത ദുരിതമാണ് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലുള്ളവർ അനുഭവിക്കുന്നത്. ചാരുപാറ മുതൽ തെക്കുമ്മേൽ വരെ പ്ലാന്റെഷന്റെയും പുഴയുടെയും സമീപങ്ങളിലുള്ള പ്രദേശങ്ങളാണ് പ്രധാനമായും ആനശല്യം നേരിടുന്നത്. ഒട്ടേറെ കൃഷിയിടങ്ങളിൽ ആനകൾ നാശം വിതച്ചു. സന്ധ്യയായാൽ വീടിന് പുറത്തിറങ്ങാൻ ആളുകൾ ഭയപ്പെടുകയാണ്. യാത്രക്കാർക്ക് ഭീഷണിയായി റോഡുകളിലും ആനകളുടെ സാന്നിദ്ധ്യമുണ്ടാകാറുണ്ട്.