pn
കാലടി മറ്റൂരിലെ തലാശേരി പാറയ്ക്ക ദേവസിക്കുട്ടിയുടെ വീട് സി.പി.എം പ്രവർത്തകർ സന്ദർശിക്കുന്നു

കാലടി: റോഡ് പുനരുദ്ധാരണത്തിന്റെ പേരിൽ വീട്ടിലേക്കുള്ള വഴി കരിങ്കൽ ഭിത്തി കെട്ടി അടച്ചതോടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട കാലടി മറ്റൂരിലെ തലാശേരി പാറയ്ക്ക ദേവസിക്കുട്ടിയുടെ വീട് സി.പി.എം പ്രവർത്തകർ സന്ദർശിച്ചു. വാഹനമെത്താത്തിനാൽ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം സിജോ ചൊവ്വരാന്റെ നേതൃത്വത്തിൽ ഹൃദ്രോഗിയായ ദേവസിക്കുട്ടിയെ സ്ട്രെച്ചറിൽ ചുമന്ന് ആശുപത്രിയിൽ എത്തിച്ചത് വാർത്തയായിരുന്നു. വീട്ടിലേക്ക് റാമ്പ് നിർമ്മിച്ചു നൽകാം എന്ന് ഉറപ്പ് നൽകിയ വാർഡ് മെമ്പർ അംബിക ബാലകൃഷ്ണൻ വാക്ക് മാറ്റിയതായി ദേവസിക്കുട്ടിയുടെ ഭാര്യ കൊച്ചുത്രേസ്യ പറഞ്ഞു. തുടർന്ന് എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ്, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് കുടുംബം സി.പി.എം നേതാക്കളെ അറിയിച്ചു. അങ്കമാലി ഏരിയാ സെക്രട്ടറി കെ.പി. റെജീഷ്, എം.ടി. വർഗീസ്, പി.എൻ. അനിൽ കുമാർ, ബേബി കാക്കശേരി, ബ്ലോക്ക് പഞ്ചായത്ത് അംഗം സിജോ ചൊവ്വരാൻ, കനിവ് പാലിയേറ്റീവ് സെക്രട്ടറി എം.പി. സേതുമാധവൻ, കെ.കെ. സഹദേവൻ, എ.കെ. വിശ്വംഭരൻ, കെ.ഡി. ജോസഫ്, പി.ആർ. ഗോപി, വി.കെ. മാധവൻ എന്നിവരാണ് വീട് സന്ദ‌ർശിച്ചത്.