കൊച്ചി: തൊഴിലുടമകളുടെയും ജീവനക്കാരുടെയും രജിസ്‌ട്രേഷൻ കൂട്ടി സാമൂഹിക സുരക്ഷാ പരിരക്ഷ വിപുലീകരിക്കുന്ന 'സ്പ്രീ 2025' (സ്‌കീം ഫോർ പ്രമോഷൻ ഒഫ് രജിസ്‌ട്രേഷൻ ഒഫ് എംപ്ലോയേഴ്സ് ആൻഡ് എംപ്ലോയീസ് ) പദ്ധതിയുമായി എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോർപ്പറേഷൻ (ഇ.എസ്.ഐ.സി). രജിസ്ട്രേഷൻ ലളിതവും വേഗത്തിലുമാക്കുന്നതാണ് പദ്ധതി.

ഇതുപ്രകാരം തൊഴിലുടമ സ്വയം പ്രഖ്യാപിച്ച തീയതി മുതൽ ഇ.എസ്.ഐ രജിസ്‌ട്രേഷൻ സാധുവായി കണക്കാക്കും. രജിസ്‌ട്രേഷനു മുൻപുള്ള കാലയളവുകളിൽ ഇ.എസ്.ഐ വിഹിതമോ ആനുകൂല്യമോ ബാധകമാകില്ല. പ്രീ രജിസ്‌ട്രേഷൻ കാലയളവിൽ മുൻകാല രേഖകളുടെ പരിശോധനയും ആവശ്യമില്ല.

ഇ.എസ്.ഐ സ്‌കീമിൽ ഉൾപ്പെടേണ്ടതും എന്നാൽ, ഇതുവരെ രജിസ്‌ട്രേഷൻ ചെയ്തിട്ടില്ലാത്തതുമായ തൊഴിലുടമകൾക്കും തൊഴിലാളികൾക്കും ഇതുവഴി എൻറോൾ ചെയ്യാം. കരാർ, താത്കാലിക തൊഴിലാളികളെ ഉൾപ്പെടെ മറ്റു പരിശോധനകളോ മുൻകാല കുടിശികകളോ ഇല്ലാതെ ചേർക്കാം.

ജൂലായ് ഒന്നുമുതൽ ഡിസംബർ 31 വരെയാണ് (സ്പീ) പദ്ധതിക്ക് പ്രാബല്യം. പദ്ധതിപ്രകാരം തൊഴിലുടമകൾക്ക് അവരുടെ സ്ഥാപനത്തെയും ജീവനക്കാരെയും ഡിജിറ്റലായി രജിസ്റ്റർ ചെയ്യാം. ഇ.എസ്.ഐ.സി പോർട്ടൽ, ശ്രം സുവിധ, എം.സി.എ പോർട്ടൽ എന്നിവ ഇതിന് ഉപയോഗിക്കാം.

രജിസ്‌ട്രേഷനുള്ള പോർട്ടലുകൾ

വിവരങ്ങൾക്ക്: www.esci.gov.in

ശ്രം സുവിധ പോർട്ടൽ: https://registration.shramsuvidha.gov.in/user/register

എം.സി.എ പോർട്ടൽ: www.mca.gov.in