കോതമംഗലം: പൂയംകുട്ടി പുഴയിലെ ഒഴുക്കിൽപ്പെട്ട് മരിച്ച മണികണ്ഠൻചാൽ സ്വദേശി ബിജുവിന്റെ കുടുംബത്തെ സഹായിക്കാൻ ഐഷാസ് ഗ്രൂപ്പ് കാരുണ്യ സർവീസ് നടത്തി. ഗ്രൂപ്പിന്റെ പത്ത് ബസുകളാണ് ധനസമാഹരണത്തിനായി സർവീസ് നടത്തിയത്. ഇന്നലെ ലഭിച്ച വരുമാനം ബിജുവിന്റെ കുടുംബത്തിന് കൈമാറും.
ഐഷാസ് ബസിലെ ജീവനക്കാരനായിരുന്ന ബിജു ജൂലായ് 30നാണ് മണികണ്ഠൻചാൽ ചപ്പാത്തിൽ വച്ച് ഒഴുക്കിൽപ്പെട്ട് മരിച്ചത്. കാരുണ്യ സർവീസിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം.എൽ.എ. നിർവഹിച്ചു. കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, ഡെയ്‌സി ജോയി, ജോഷി പൊട്ടക്കൽ, ജയിംസ് കോറമ്പേൽ എന്നിവരും ഐഷാസ് ഗ്രൂപ്പ് ഉടമകളായ തോപ്പിക്കുടി ഷാജി, ഷംസുദ്ദീൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.