കൊച്ചി: കൊച്ചി പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെയും ഓൾ ഇന്ത്യ റേഡിയോയുടെയും ഡയറക്ടറായി ധന്യ സനൽ കെ. ചുമതലയേറ്റു. ഇന്ത്യൻ ഇൻഫർമേഷൻ സർവീസിലെ 2012 ബാച്ച് ഉദ്യോഗസ്ഥയാണ്.
ന്യൂഡൽഹിയിലെ പി.ഐ.ബി., സെൻട്രൽ ബ്യൂറോ ഒഫ് കമ്മ്യൂണിക്കേഷൻ, ദൂരദർശൻ ന്യൂസ്, പബ്ലിക്കേഷൻസ് ഡിവിഷൻ എന്നിവയുൾപ്പെടെ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ യൂണിറ്റുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം പി.ഐ.ബി, പബ്ലിക്കേഷൻസ് ഡിവിഷൻ ഓഫീസുകളിലും ചുമതലകൾ വഹിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് പ്രതിരോധസേനാ വക്താവായും പ്രവർത്തിച്ചു. ചുഴലിക്കാറ്റ്, പ്രളയം, തേനി കാട്ടുതീ തുടങ്ങിയ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ആശയവിനിമയം ഏകോപിപ്പിക്കുന്നതിൽ പങ്കുവഹിച്ചു.
ന്യൂഡൽഹിയിൽ ജൽ ശക്തി, ടെക്‌സ്‌റ്റയിൽസ്, വാണിജ്യ വ്യവസായം, ഷിപ്പിംഗ്, തുറമുഖങ്ങൾ, ജലപാതകൾ, റോഡ് ഗതാഗതം, ഹൈവേകൾ എന്നീ മന്ത്രാലയങ്ങളുടെ വക്താവായിരുന്നു.