sangarsham

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിൽ വോട്ട് ഹിയറിംഗിനിടെ കള്ളവോട്ട് ആരോപണത്തെ തുടർന്ന് യു.ഡി.എഫ്-സി.പി.എം പ്രവർത്തകർ തമ്മിൽ സംഘർഷം. സംഘർഷത്തിൽ കൗൺസിലർക്ക് പരിക്കേറ്റു. 26-ാം വാർഡ് സി.പി.എം കൗൺസിലറും ലോക്കൽ സെക്രട്ടറിയുമായ എ.കെ. അനിൽകുമാറിനാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 3.30നാണ് സംഭവം.
30-ാം വാർഡ് കൗൺസിലർ സുബൈറിന്റെ നേതൃത്വത്തിൽ വോട്ട് ഹിയറിംഗിനായി മുറിയിലേക്ക് കയറാൻ ശ്രമിച്ചപ്പോൾ സി.പി.എം പ്രവർത്തകർ തടഞ്ഞതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. ഇത് ചോദ്യം ചെയ്‌തോടെ വാക്കേറ്റം സംഘർഷത്തിലേക്ക് നീങ്ങി. ഒരുവശത്ത് കോൺഗ്രസ്, ലീഗ് പ്രവർത്തകരും മറുവശത്ത് സി.പി.എം കൗൺസിലർമാരും ഉൾപ്പെടെയുള്ളവരുമായിരുന്നു.
സംഘർഷം രൂക്ഷമായതോടെ 30-ാം വാർഡിൽ നിന്ന് യുവാക്കൾ സ്ഥലത്തെത്തി. ഇവരെ ഗുണ്ടകളെന്ന് ആരോപിച്ച് പുറത്താക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ. അനീഷ് മാത്യുവിന്റെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം നടത്തി. സ്ഥലത്തെത്തിയ മൂവാറ്റുപുഴ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം യുവാക്കളെ സ്റ്റേഷനിലേക്ക് മാറ്റി. പൊലീസ് ജീപ്പ് തടയാൻ സി.പി.എം പ്രവർത്തകർ ശ്രമിച്ചതും പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കി.
30-ാം വാർഡിൽ 250ഓളം കള്ളവോട്ടുകൾ ചേർത്തിട്ടുണ്ടെന്നും അതിർത്തി പഞ്ചായത്തായ പായിപ്രയിൽ നിന്ന് പോലും ബന്ധുക്കളുടെ വോട്ടുകൾ ചേർത്ത് ഹിയറിംഗിന് എത്തിച്ചെന്നുമാണ് സി.പി.എം ആരോപിക്കുന്നത്.