കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ വളപ്പിൽ ബൈക്ക് കത്തിനശിച്ചു. കിഴക്കേ പ്രവേശനകവാടത്തിന് സമീപമുള്ള സ്റ്റേഷന്റെ
പാർക്കിംഗ് ഭാഗത്ത് ഇന്നലെ രാവിലെ 11.25നായിരുന്നു തീപിടിത്തം.
പ്രവേശനകവാടത്തിലെ ആറാംനമ്പർ പ്ലാറ്റ്ഫോം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന റീജിയണൽ പി.എസ്.സി ഓഫീസിലേക്ക് വന്ന മൂവാറ്റുപുഴ ആരക്കുഴ സ്വദേശി സാമുവലിന്റെ ബൈക്കിനാണ് തീപടർന്നത്. പാർക്കിംഗ് ഭാഗത്ത് ബൈക്ക് നിറുത്തിയ ഉടൻ തീയും പുകയും ഉയർന്നു. ഗാന്ധിനഗറിൽനിന്ന് ഫയർഫോഴ്സ് എത്തിയപ്പോഴേക്കും പൂർണമായും കത്തിയിരുന്നു. സമീപത്ത് നിരവധി ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നെങ്കിലും തീ പടർന്നില്ല.