u
ജീർണാവസ്ഥയിലുള്ള മുളന്തുരുത്തിയിലെ പഴയ സബ് രജിസ്ട്രാർ ഓഫീസ്

മുളന്തുരുത്തി: മുളന്തുരുത്തി സബ് രജിസ്ട്രാർ ഓഫീസ്, വില്ലേജ് ഓഫീസ്, വാട്ടർ അതോറിട്ടി ഓഫീസ് ഉൾപ്പെടെ പ്രവർത്തിച്ചിരുന്ന ജീർണാവസ്ഥയിലായ പഴയകെട്ടിടം പൊളിച്ചുനീക്കണമെന്ന ആവശ്യം ഉയരുന്നു. തകർച്ചഭീഷണി നിലനിൽക്കുന്ന കെട്ടിടത്തിന് സമീപം നൂറുകണക്കിന് പേരാണ് ദിവസവും വന്നുപോകുന്നത്.

സമീപത്തായി അക്ഷയ സെന്റർ, മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് ഓഫീസ് തുടങ്ങിയവ പ്രവർത്തിക്കുന്നതിനാൽ ഇവിടെ തിരക്കേറെയാണ്. കെട്ടിടത്തിന് സമീപത്തായി വ്യാപാര സ്ഥാപനങ്ങളുമുണ്ട്.

ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയായ ഈ കെട്ടിടം ഉപയോഗയോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടി എൽ.എസ്.ജി.ഡി എൻജിനിയറിംഗ് വിഭാഗം റിപ്പോർട്ട് നൽകിയതിനെ തുടർന്ന് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾ ഒഴിപ്പിച്ചിരുന്നു. എന്നാൽ കെട്ടിടം പൊളിച്ചുനീക്കുന്നതിന് അധികൃതർ യാതൊരുവിധ നടപടിയും സ്വീകരിച്ചില്ല. പതിറ്റാണ്ടുകൾ പഴക്കമുള്ള ഈ കെട്ടിടത്തിന്റെ പല ഭാഗങ്ങളും വിള്ളലുകൾ വന്ന് അപകടാവസ്ഥയിലാണ്. കെട്ടിടം ബലക്ഷയത്തെ തുടർന്ന് ഓഫീസുകൾ മാറ്റിയെങ്കിലും ദുരന്തം ഒഴിവാക്കാൻ കെട്ടിടസമുച്ചയം പൊളിച്ചു നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഏത് നിമിഷവും തകർന്നുവീഴാവുന്ന ഈ കെട്ടിടം പൊളിച്ചു നീക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണം. എൽ.ഡി.എഫ് സർക്കാർ അനുവദിച്ചിട്ടുള്ള റവന്യൂ ടവർ യാഥാർത്ഥ്യമാക്കാൻ എം.എൽ.എ മുൻകൈയെടുക്കണം.

പി.ഡി. രമേശൻ, സി.പി.എം

മുളന്തുരുത്തി എൽ.സി സെക്രട്ടറി