കളമശേരി: ഓണാഘോഷം കളറാക്കാൻ "പൂത്തിരി " എന്ന പ്രത്യേക കോഡിൽ രാസലഹരി വില്പന നടത്തിയ ആലുവ ഈസ്റ്റ് കൊടികുത്തിമല മുറ്റത്തുചാലിൽ വീട്ടിൽ മുസാബിർ മുഹമ്മദിനെ (33) എറണാകുളം റേഞ്ച് എക്സൈസ് പിടികൂടി. ഇയാളുടെ പക്കൽനിന്ന് 9.178 ഗ്രാം എം.ഡി.എം.എ യും സ്മാർട്ട് ഫോണും കസ്റ്റഡിയിലെടുത്തു. രക്ഷപ്പെട്ട ഷെഫീക്ക് ഹനീഫയെ രണ്ടാംപ്രതിയാക്കി.

സമൂഹ മാദ്ധ്യമങ്ങളിലൂടെ "പൂത്തിരി " എന്ന പ്രത്യേകതരം കോഡ് ഉപയോഗിച്ചായിരുന്നു വില്പന. ബംഗളൂരുവിൽനിന്ന് മയക്കുമരുന്ന് നേരിട്ടെത്തിച്ചശേഷം സമൂഹമാദ്ധ്യമങ്ങളിൽ കോഡ് നൽകുന്നതോടെ ആവശ്യക്കാർ ഇയാൾക്ക് ഓർഡർ നൽകും. ഓൺലൈനായി പണം സ്വീകരിച്ചശേഷം മയക്കുമരുന്ന് വെള്ളം നനയാത്ത രീതിയിൽ പൊതിഞ്ഞ് സുരക്ഷിതമായി ഏതെങ്കിലും സ്ഥലത്ത് വച്ചശേഷം ഫോട്ടോയും ലൊക്കേഷനും അയച്ച് കൊടുക്കുന്നതായിരുന്നു ചില്ലറ വില്പനയുടെ രീതി.

കളമശേരി എച്ച്.എം.ടി തോഷിബ ജംഗ്ഷനടുത്ത് പെരിങ്ങഴക്ഷേത്രം ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം ഇടനിലക്കാരനെ കാത്തുനിൽക്കുകയായിരുന്ന മുസാഫിർ എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടി. ഇയാളുടെ താമസസ്ഥലത്തുനിന്നാണ് മയക്ക്മരുന്ന് കണ്ടെടുത്തത്. പിടിയിലായതിന് ശേഷവും നിരവധി കോളുകളാണ് ഇയാളുടെ ഫോണിലേക്ക് വന്നിരുന്നത്. ഇയാളുടെ പക്കൽനിന്ന് മയക്കുമരുന്ന് വാങ്ങി ഉപയോഗിച്ചവരെ കണ്ടെത്തി കച്ചേരിപ്പടി, മൂവാറ്റുപുഴ എന്നിവിടങ്ങളിലുള്ള എക്സൈസിന്റെ സൗജന്യ ലഹരിമുക്ത കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

റേഞ്ച് ഇൻസ്പെക്ടർ ആർ. അഭിരാജ്, സിറ്റി സ്ക്വാഡ് പ്രിവന്റീവ് ഓഫീസർ എൻ.ഡി. ടോമി, സി.ജി. ഷാബു, സിറ്റി സ്ക്വാഡിലെ സി.ഇ.ഒമാരായ അമൽദേവ്, ജിബിനാസ് വി.എം, പ്രവീൺകുമാർ വി.എച്ച്, പത്മഗിരീശൻ, അഞ്ജു ആനന്ദൻ എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.