* 5 വർഷമായി കടലാസിൽ ഒതുങ്ങുന്ന പദ്ധതി
കൊച്ചി: മെട്രോപ്പൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിട്ടി കേരളപ്പിറവി ദിനത്തിൽ പ്രവർത്തനസജ്ജമാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. കൊച്ചി നഗരത്തിൽ ആസൂത്രിതവും സുസ്ഥിരവുമായ നഗരഗതാഗത സംവിധാനം നടപ്പാക്കുന്നതിന് ആവിഷ്കരിച്ച പദ്ധതി 5 വർഷമായിട്ടും കടലാസിൽ ഒതുങ്ങുന്ന സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് സർക്കാരിന് നിർദ്ദേശം നൽകിയത്. അതോറിട്ടി പ്രവർത്തനക്ഷമമാക്കണമെന്നാവശ്യപ്പെട്ട് ചെറായി സ്വദേശി അഡ്വ. റിച്ചാർഡ് രാജേഷ്‌കുമാർ അടക്കം നൽകിയ ഹർജികൾ തീർപ്പാക്കിയാണ് ഉത്തരവ്.
കേരള മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിട്ടി (കെ.എം.ടി.എ) ആക്ട് പ്രകാരം 2020 നവംബർ ഒന്നിന് കൊച്ചി അതോറിട്ടി രൂപീകരിച്ച് സർക്കാർ വിജ്ഞാപനം ചെയ്തിരുന്നു. സി.ഇ.ഒയെ നിയമിച്ചെങ്കിലും അതോറിട്ടി പ്രവർത്തന രഹിതമായിരുന്നു. ആകെ അനുവദിച്ച 17.4ലക്ഷംരൂപ ചെലവഴിക്കാനായില്ല. കൊച്ചി മെട്രോയിൽനിന്ന് രണ്ട് ജീവനക്കാരെ ഡെപ്യൂട്ടേഷനിൽ നിയമിച്ചെങ്കിലും അവർ ചുമതലയേറ്റില്ല. അതോറിട്ടിക്ക് ഓഫീസോ കമ്പ്യൂട്ടറുകളോ ഫർണിച്ചറോ വാങ്ങിയിട്ടില്ലെന്നും കോടതി വിലയിരുത്തി. 2025-2026ലേക്കുള്ള പദ്ധതി തയ്യാറാക്കിയത് മനസിരുത്താതെയാണ്. 5കോടിരൂപ ആവശ്യമുണ്ടെന്ന് പറയുന്നെങ്കിലും വ്യക്തതയില്ല. രണ്ട് ജീവനക്കാരെവച്ച് എങ്ങനെ പ്രവർത്തിക്കുമെന്നും വ്യക്തമല്ല.
കോടതി നിർദ്ദേശപ്രകാരം ഗതാഗത സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. എന്നാൽ വ്യക്തമായ തീരുമാനമുണ്ടാകാത്തതിനാലാണ് കോടതി ഇടപെട്ട് സമയക്രമം നിശ്ചയിച്ചത്. സർക്കാരും കെ.എം.ടി.എയും ആലോചിച്ച് പ്രവർത്തനഫണ്ട് അനുവദിക്കണമെന്നും കുറഞ്ഞത് എത്ര ജീവനക്കാർ വേണമെന്ന കാര്യം തീരുമാനിച്ച് നിയമിക്കണമെന്നും ഓഫീസും ഫർണിച്ചറും അടക്കം സൗകര്യങ്ങൾ ഇതിനകം ഏർപ്പെടുത്തി അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു. അതോറിട്ടി പൂർണസജ്ജമാക്കുന്നതിനുമുമ്പ് പ്രവർത്തിക്കാൻ താത്കാലിക സംവിധാനവും ഒരുക്കണം. അതോറിട്ടി കൊച്ചിയുടെ സുസ്ഥിര ഗതാഗത സംവിധാനത്തിന് മുൻഗണനാക്രമത്തിൽ പദ്ധതികൾ നടപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു.