crime
മുബാറക്ക് ഹുസൈൻ

പെരുമ്പാവൂർ: 45 ഗ്രാം ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. അസാം നൗഗാവ് സ്വദേശി മുബാറക്ക് ഹുസൈനെയാണ് (25) പെരുമ്പാവൂർ എഎസ്.പിയുടെ പ്രത്യേക അന്വേഷണസംഘവും കുറുപ്പുംപടി പൊലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ രാത്രി മേതല തുരങ്കം കവലയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നാല് സോപ്പുപെട്ടികളിലാക്കി വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചനിലയിലായിരുന്നു ഹെറോയിൻ. അസാമിൽനിന്ന് ട്രെയിനിൽ ആലുവയിലെത്തി അവിടെനിന്ന് മേതല തുരങ്കം കവലയിൽ കൈമാറാൻ നിൽക്കുന്നതിനിടയിലാണ് പിടിയിലായത്.

അസാമിൽനിന്ന് 80,000രൂപയ്ക്ക് വാങ്ങുന്ന ഒരു ബോക്സ് ഹെറോയിൻ ചെറിയ കുപ്പികളിലാക്കി 2000 രൂപ നിരക്കിൽ വില്പനനടത്തി തിരികെ നാട്ടിലേക്ക് മടങ്ങി പോകുന്നതായിരുന്നു ഇയാളുടെ രീതി. മാസത്തിൽ ഒരിക്കൽ ഇയാൾ മയക്കുമരുന്ന് വില്പനയ്ക്കായി കേരളത്തിൽ എത്തുമായിരുന്നു. രണ്ടുവർഷം മുമ്പ് കോതമംഗലത്ത് എക്സൈസ് മയക്കുമരുന്ന് കേസിൽ പിടികൂടി രണ്ടുമാസത്തോളം ജയിലിൽ കഴിഞ്ഞിരുന്നു.

പെരുമ്പാവൂർ എഎസ്.പി ഹാർദിക് മീണ, ഇൻസ്പെക്ടർ ടി.എൽ
സ്റ്റെപ്റ്റോ ജോൺ, എസ്.ഐ പി.പി. അഭിലാഷ്, എ.എസ്.ഐമാരായ പി.എ. അബ്ദുൽ മനാഫ്, ഷാജി, സീനിയർ സി.പി.ഒമാരായ കെ.എ. നൗഫൽ,
വർഗീസ് ടി. വേണാട്ട്, ടി.എ. അഫ്സൽ, ബെന്നി ഐസക്, നിസാമുദ്ദീൻ, പി.എ. ഫസൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.