rajeev

കൊച്ചി: നിരവധി ഫാഷൻതാരങ്ങൾക്ക് ജന്മംനൽകിയ സെന്റ് തെരേസാസ് കോളേജിലെ ഫാഷൻറാമ്പിൽ ഖാദിയുടെ പ്രചരണാർത്ഥം മന്ത്രിയുടെ പുതുമയാർന്ന ചുവടുവയ്പുകൾ. നിയമമന്ത്രി കൂടിയായ പി.രാജീവാണ് ഖാദിയിൽ തീർത്ത അഡ്വക്കേറ്റ്സ് കോട്ടണിഞ്ഞ് റാമ്പിലൂടെ നടന്ന് കാണികളുടെ കരഘോഷം ഏറ്റുവാങ്ങിയത്.

ഖാദി ബോർഡിന്റെ നേതൃത്വത്തിൽ കരുമാല്ലൂർ ഖാദി സാരിയുടെയും അഡ്വക്കേറ്റ്‌സ് കോട്ടിന്റെയും വിപണനോദ്ഘാടന ചടങ്ങിനോടനുബന്ധിച്ചാണ് കോളേജിലെ പ്ലാറ്റിനം ജൂബിലി ഓഡിറ്റോറിയത്തിലെ റാമ്പിൽ 2.0 ഫാഷൻ ഷോ സംഘടിപ്പിച്ചത്. കോളേജിലെ ഫാഷൻ ഡിസൈനിംഗ് വിഭാഗത്തിലെ 20 മോഡലുകൾ ഷോയിൽ അണി നിരന്നു.

ഇതിനിടെ കോളേജ് അധികൃതരുടെ ആവശ്യ പ്രകാരമാണ് മന്ത്രി റാമ്പിലൂടെ നടന്നത്. കരുമാല്ലൂർ ഖാദി സാരികളുടെയും അഡ്വക്കേറ്റ്‌സ് കോട്ടിന്റെയും വിപണനോദ്ഘാടനം യഥാക്രമം സെന്റ് തെരേസാസ് കോളേജ് പ്രിൻസിപ്പൽ ഡോ. അനു ജോസഫിനും സ്റ്റേറ്റ് അറ്റോണി അഡ്വ. എൻ. മനോജ് കുമാറിനും നൽകി മന്ത്രി നിർവഹിച്ചു.

ഖാദി പഴയ ഖാദിയല്ലെന്നും ഏത് ഡിസൈനിലും ഖാദി വസ്ത്രങ്ങൾ ലഭിക്കുമെന്നും വിപണനോദ്ഘാടന ചടങ്ങിൽ മന്ത്രി പറഞ്ഞു. കരുമാല്ലൂർ ഖാദി സാരികൾക്ക് ജിയോ ടാഗ് ലഭിക്കാൻ നടപടികൾ ആരംഭിച്ചു. ലോകോത്തര ബ്രാൻഡുകളോട് കിടപിടിക്കാൻ കഴിയുന്ന തരത്തിലുള്ള ഖാദി വസ്ത്രങ്ങൾക്ക് യുവതലമുറ നല്ല രീതിയിൽ സ്വീകരിക്കുന്നുണ്ട്. ഓണക്കാലത്ത് പുതിയ ട്രെൻഡുകളിലുള്ള വസ്ത്രവൈവിദ്ധ്യങ്ങളാണ് ഖാദി ബോർഡ് വിപണിയിലെത്തിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ അദ്ധ്യക്ഷത വഹിച്ചു.