കൊച്ചി: സിനിമാനടനടക്കം പ്രതിയായ കോടികളുടെ സാമ്പത്തിക തട്ടിപ്പുകേസിൽ അന്വേഷണം വൈകിപ്പിക്കാൻ എസ്.ഐയുടെ ദുരൂഹ ഇടപെടൽ. കേസന്വേഷണ ഫയലിൽനിന്ന് പ്രതികളെ സഹായിക്കാൻ നിർണായക ബാങ്ക് രേഖകൾ എടുത്തുമാറ്റി. ഫയൽവിളിച്ചുവരുത്തി കൊച്ചി സിറ്റി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥ നടത്തിയ പരിശോധനയിലാണ് ഗ്രേഡ് എസ്.ഐയുടെ സഹായം കണ്ടെത്തിയത്. സിറ്റി പൊലീസിന്റെ മുഖം രക്ഷിക്കാൻ എസ്.ഐയെ പിന്നീട് ട്രാഫിക്കിലേക്ക് സ്ഥലംമാറ്റി.

സൂപ്പർഹിറ്റ് ചിത്രവുമായി ബന്ധപ്പെട്ട് 2024 ഏപ്രിലിലാണ് കോടതി നിർദ്ദേശപ്രകാരം കൊച്ചി സിറ്റി പൊലീസിലെ ഒരു സ്റ്റേഷനിൽ സിനിമാനടനും നിർമ്മാതാക്കൾക്കുമെതിരെ കേസെടുക്കുന്നത്. സിനിമയ്ക്കുവേണ്ടി പണം മുടക്കിയ അരൂർ സ്വദേശിയുടെ പരാതിയിൽ വഞ്ചനാക്കുറ്റം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ എന്നിങ്ങനെ വകുപ്പുകൾ ചേർത്തായിരുന്നു കേസ്. ഈ കേസിന്റെ അന്വേഷണത്തിൽ നിർണായകമായിരുന്നു ബാങ്ക് രേഖകൾ. നിർമ്മാതാക്കളുമായി ബന്ധപ്പെട്ട ബാങ്കുകളിൽനിന്നും നോട്ടീസ് നൽകി വൈകാതെ രേഖകൾ ശേഖരിച്ചു. ഈ ബാങ്ക് രേഖകളിൽ ചിലതാണ് എസ്.ഐ എടുത്തുമാറ്റിയത്. കേസേന്വേഷണത്തിന് കാലതാമസം വരുത്താനും ഇതുവഴി പ്രതികളെ സഹായിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇടപെടലെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. സംഭവത്തിൽ വകുപ്പുതല അന്വേഷണം ഉണ്ടായേക്കും.

കൊച്ചി സിറ്റിയിലെ മറ്റൊരു സ്റ്റേഷനിൽ ജോലിചെയ്യവേ യുവതിയുടെ കാൾ രേഖകൾ അനധികൃതമായി കൈക്കലാക്കിയ സംഭവത്തിൽ ഇതേ എസ്.ഐയെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. ഏതാനും വർഷങ്ങൾക്ക് മുമ്പായിരുന്നു സംഭവം. സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നായിരുന്നു ഉദ്യോഗസ്ഥനെ അന്നത്തെ സസ്‌പെൻഷൻ.

ക്രമസമാധാന പരിപാലനത്തിൽ ഈ ഉദ്യോഗസ്ഥന് പിന്നീട് നിയമനം നൽകരുതെന്നായിരുന്നു സ്‌പെഷ്യൽ ബ്രാഞ്ചിന്റെ അന്നത്തെ റിപ്പോർട്ട്. ഉന്നതസ്വാധീനമുള്ള ഉദ്യോഗസ്ഥൻ സസ്‌പെൻഷൻ കാലാവധി കഴിഞ്ഞ് ക്രമസമാധാന പരിപാലനത്തിൽത്തന്നെ നിയമിതനായി. നിയമം നടപ്പാക്കേണ്ട എസ്.ഐ ഗുരുതര കുറ്റകൃത്യം ചെയ്തിട്ടും കടുത്ത നടപടി സ്വീകരിക്കാത്തതിൽ സേനയ്ക്കുള്ളിൽ വിമർശനം ഉയർന്നിട്ടുണ്ട്.