കൊച്ചി: ലീസിന് നൽകിയ ജിംനേഷ്യത്തിൽ നിന്ന് വിലപ്പെട്ട രേഖകളും പതിനായിരം രൂപയും മോഷ്ടിച്ചെന്ന പരാതിയിൽ ബിഗ് ബോസ് റിയാലിറ്റി ഷോ വിജയി ആലുവ മറ്റൂർ പള്ളുപേട്ട വീട്ടിൽ പി.ഡി. ജിന്റോയ്‌ക്കെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തു. ജിംനേഷ്യം ലീസിനെടുത്ത ആലുവ സ്വദേശിയായ 26കാരിയുടെ പരാതിയിലാണ് നടപടി. ജിമ്മിലെ സി.സി.ടിവി ക്യാമറ നശിപ്പിക്കാൻ ശ്രമിച്ചെന്നും പരാതിയിലുണ്ട്.
തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ജിന്റോ വെണ്ണലയിലുള്ള ജിന്റോ ബോഡി ക്രാഫ്റ്റിൽ അതിക്രമിച്ച് കയറിയത്. ഡ്യൂപ്ലിക്കേറ്റ് കീ ഉപയോഗിച്ച് ജിമ്മിൽ കയറുന്നത് സി.സി.ടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങളും പരാതിക്കൊപ്പം പൊലീസിന് കൈമാറിയിട്ടുണ്ട്. അതിക്രമിച്ച് കടക്കൽ, മോഷണം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
കഴിഞ്ഞ വർഷമാണ് തന്റെ പേരിലുള്ള ജിം ജിന്റോ യുവതിക്ക് ലീസിന് നൽകിയത്. സംഭവത്തിന് പിന്നാലെ ജിന്റോ വീടുവിട്ടെന്നാണ് വിവരം.
അതേസമയം, പരാതി വ്യാജമാണെന്ന് ജിന്റോ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ജിമ്മിന്റെ 60 ശതമാനം ലാഭം തനിക്കും 40 ശതമാനം പരാതിക്കാരിക്കുമാണ്. ഇരുവർക്കും പരിപൂർണമേൽനോട്ടത്തിനും നടത്തിപ്പിനും അവകാശമുണ്ട്. സ്ഥാപനത്തിൽ തനിക്ക് സ്വന്തമായി ഓഫീസുമുണ്ട്. തന്റെ സ്ഥാപനത്തിലാണ് കയറിയതെന്നും മോഷണത്തിനായി അതിക്രമിച്ച് കയറിയതല്ലെന്നും ജിന്റോ കുറിപ്പിൽ പറയുന്നു. കരാർ രേഖയും പുറത്തുവിട്ടു.