*ഡിവൈഡറിന് സമീപത്തേക്ക് കാർ നിറുത്തിയിട്ട് ഡ്രൈവർ രക്ഷപ്പെട്ടു
കൊച്ചി: പാലാരിവട്ടത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. കാർഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പാലാരിവട്ടം മെട്രോസ്റ്റേഷന് സമീപം പില്ലർ നമ്പർ 506നും 507നുമിടെ ഇന്നലെ രാത്രി ഏഴിനായിരുന്നു അപകടം. റോഡിൽക്കിടന്ന് അരമണിക്കൂറോളം കാർ കത്തിയത് ഇടപ്പള്ളിമുതൽ കലൂർവരെ ഗതാഗതക്കുരുക്കിന് ഇടയാക്കി.
ഇടപ്പള്ളി ഉണ്ണിച്ചിറ മാനാത്ത്പാടം റോഡ് നെടിയാമണ്ണിൽവീട്ടിൽ സുനോജ്കുമാറിന്റെ മഹീന്ദ്ര എസ്.യു.വി 500 കാറിനാണ് തീപിടിച്ചത്. ഇടപ്പള്ളിയിൽനിന്ന് കലൂർ ഭാഗത്തേക്ക് വന്ന കാറിൽ സുനോജ്കുമാർ തനിച്ചായിരുന്നു. ബോണറ്റ് ഭാഗത്തുനിന്ന് തീയും പുകയും ഉയരുന്നത് കണ്ട ബൈക്ക് യാത്രക്കാരാണ് സുനോജിന് മുന്നറിയിപ്പ് നൽകിയത്. ഉടൻ റോഡിന്റെ ഡിവൈഡറിനോട് ചേർന്ന് വാഹനം നിറുത്തിയിട്ട് പുറത്തിറങ്ങി രക്ഷപ്പെട്ടു.
കാറിന്റെ ബോണറ്റിൽ നിന്ന് തീ ആളിപ്പടർന്നതോടെ ഇതുവഴി ഗതാഗതം നിലച്ചു. മുൻഭാഗത്തെ സീറ്റിന് ഉൾപ്പെടെ തീപടർന്നു. തീയും പുകയും ശക്തമായതിനാൽ ആർക്കും അടുക്കാൻ സാധിച്ചില്ല. തൃക്കാക്കര ഫയർഫോഴ്സാണ് ആദ്യമെത്തിയത്. പിന്നാലെ ഗാന്ധിനഗർ ഫയർഫോഴ്സ് കൂടി എത്തിയശേഷം പതയും വെള്ളവും ചീറ്റിച്ച് തീകെടുത്തി. അപ്പോഴേയ്ക്കും കാർ പൂർണമായി കത്തിയിരുന്നു. എൻജിൻ ഉൾപ്പെടെ നശിച്ചു.
ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. കത്തിയമർന്ന കാർ ക്രെയിൻ ഉപയോഗിച്ച് മാറ്റിയശേഷം റോഡിലെ അവശിഷ്ടങ്ങൾ നീക്കി. ഒന്നരമണിക്കൂർ കഴിഞ്ഞാണ് ഗതാഗതം പൂർവസ്ഥിതിയിലായത്.
തൃക്കാക്കര ഫയർസ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി. വിനുരാജ്, ഗാന്ധിനഗർ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ബി.ആർ. രാജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.