ആലുവ: ആലുവ - മൂന്നാർ റോഡിൽ കുഴികൾ അടക്കുന്നതിന്റെ ഭാഗമായി അറ്റകുറ്രപ്പണി നടത്തുന്ന ഭാഗങ്ങളിൽ പിന്നീട് ബി.എം ബി.സി ടാറിംഗ് ഉണ്ടാകില്ല. ബി.എം ബി.സി ടാറിംഗ് കരാർ ഏറ്റെടുത്ത സ്ഥാപനം തന്നെയാണ് ഇതേ ടെൻഡറിൽപ്പെടുത്തി അറ്റകുറ്റപ്പണിയും നടത്തുന്നതെന്ന് പി.ഡബ്ല്യു.ഡി അസി. എൻജിനിയർ ട്രീസ 'കേരളകൗമുദി'യോട് പറഞ്ഞു. അതിനാൽ നല്ല നിലവാരത്തിലാണ് അറ്റകുറ്റപ്പണിയും ചെയ്യുന്നത്.
അതേസമയം മഴ പൂർണമായി മാറിയ ശേഷമായിരിക്കും പൊതുടാറിംഗ്. ആദ്യം ബി.എം ചെയ്ത ശേഷം ബി.സി ചെയ്യാൻ കാലതാമസമെടുത്തേക്കും. മാസങ്ങൾക്ക് മുമ്പ് ആലുവ - പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ ബി.എം ബി.സി ടാറിംഗിന്റെ ഭാഗമായി ബി.എം ചെയ്തെങ്കിലും ഇതുവരെ ബി.സി ചെയ്തിട്ടില്ല. ഇതേകാലതാമസം സ്വകാര്യ റൂട്ടിലെ ടാറിംഗിലും ഉണ്ടാകും.
ചൂണ്ടി കവല, നെസ്റ്റ് പാലം, അശോകപുരം കൊച്ചിൻബാങ്ക് കവല, കാർമ്മൽ പെട്രോൾ പമ്പ്, ചുണങ്ങംവേലി, നാലാംമൈൽ എന്നീ ഭാഗങ്ങളിലാണ് റോഡ് കൂടുതൽ തകർന്നിട്ടുള്ളത്. ഇവിടെയാണ് കട്ടകൾ സ്ഥാപിക്കുന്നത്.
എം.എൽ.എ ഇടപെട്ടു,
അറ്റകുറ്റപ്പണി തുടങ്ങി
കുഴികൾ അറ്റകുറ്രപ്പണി നടത്താത്തതിനെതിരെ അൻവർ സാദത്ത് എം.എൽ.എയും വിവിധ സംഘടനകളും രംഗത്ത് വന്നതോടെയാണ് പി.ഡബ്ല്യു.ഡി നടപടിയെടുത്തത്. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരുടെ പ്രതിമാസ അവലോകന യോഗത്തിൽ ഉദ്യോഗസ്ഥർക്കെതിരെ എം.എൽ.എ പൊട്ടിത്തെറിച്ചിരുന്നു.
ടാറിംഗിന് അഞ്ച് കോടി
ആലുവ പവർ ഹൗസ് മുതൽ ആലുവ മണ്ഡലം അതിർത്തിയായ എം.ഇ.എസ് വരെ റോഡ് ബി.എം ബി.സി നിലവാരത്തിൽ ടാറിംഗ് നടത്തുന്നതിന് അഞ്ച് കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. കരാറുകാരായ പെരുമ്പാവൂർ വി.കെ.ജെ കൺസ്ട്രക്ഷൻസ് മഴ മാറിയ ശേഷം ടാറിംഗ് ആരംഭിക്കാൻ തീരുമാനിച്ചെങ്കിലും റോഡിൽ അഗാധ ഗർത്തങ്ങളായതോടെയാണ് ആദ്യം അറ്റകുറ്റപ്പണി ചെയ്യുന്നത്. ഇതുസംബന്ധിച്ച് കരാറുകാരനുമായുണ്ടായ തർക്കവും അറ്റകുറ്റപ്പണി വൈകിപ്പിച്ചു.
ചൂണ്ടിയിലെ അറ്റകുറ്റപ്പണിയുടെ ഭാഗമായി കുഴികൾ അടച്ച് മെറ്റൽ വിരിച്ചപ്പോൾ തന്നെ റോഡിലെ ഗതാഗതകുരുക്ക് ഒഴിവായി. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. റിയാസും അൻവർ സാദത്ത് എം.എൽ.എയും പ്രത്യേക താത്പര്യമെടുത്തതാണ് അടിയന്തര പരിഹാരമുണ്ടാക്കിയത്. ഇരുവർക്കും നന്ദി രേഖപ്പെടുത്തുന്നു
ഹുസൈൻ കുന്നുകര
രക്ഷാധികാരി
ചേംബർ ഒഫ് കോമേഴ്‌സ്