മൂവാറ്റുപുഴ: കച്ചേരിത്താഴത്ത് റോഡിൽ രൂപപ്പെട്ട ഗർത്തവുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസിയായ നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് സംഘമെത്തി പ്രാഥമിക പരിശോധന നടത്തി. എം.എൽ.എയുടെ നിർദ്ദേശപ്രകാരരമാണ് കേന്ദ്രസംഘം എത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ കേരള റോഡ് ഫണ്ട് ബോർഡും കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. 50 വർഷങ്ങൾക്കു മുമ്പുള്ള പഴയ കൽക്കെട്ടുകൊണ്ടുള്ള ഡ്രെയിനേജിന്റെ കല്ലുകൾ കാലപ്പഴക്കം കാരണം തകരുകയും മുകളിലെ കവർസ്ലാബ് ഡ്രൈനേജിലേക്ക് വീഴുകയും ചെയ്തതാണ് ഗർത്തം രൂപപ്പെടാൻ കാരണമെന്ന് കെ.ആർ.എഫ്.ബി കണ്ടെത്തിയിരുന്നു. കൂടാതെ വെള്ളം കയറിയിറങ്ങി ഓടയുടെ വശങ്ങളിൽ നിന്നുള്ള മണ്ണ് പുഴയിലേക്ക് ഒഴുകിയെത്തിയതും ഗർത്തമുണ്ടാകാൻ കാരണമായി. എന്നാൽ ഈ കണ്ടെത്തലുകളുടെ ആധികാരികത പരിശോധിക്കാനും ഭൂമിക്കടിയിലൂടെ മറ്റ് നീരൊഴുക്കുകളോ, ചാലുകളോ ഉണ്ടോയെന്ന് കണ്ടെത്താനുമാണ് എൻ.സി.ഇ.എസ്.എസ് സംഘം ഇന്നലെ എത്തിയത്.
പ്രാഥമിക പഠനത്തിന് ശേഷം മാത്യു കുഴൽനാടൻ എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ പൂർണമായ കൃത്യതയോടെയുള്ള നിഗമനത്തിനായി ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാറിന്റെ സഹായത്തോടുകൂടിയുള്ള സ്കാനിംഗ് ആവശ്യമാണെന്ന നിർദ്ദേശം ഉദ്യോഗസ്ഥർ മുന്നോട്ടുവച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ ജി.പി.ആർ മെഷീൻ ഉപയോഗിച്ച് സ്ഥലപരിശോധന നടത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചു.
മാത്യു കുഴൽനാടൻ എം.എൽ.എയെ കൂടാതെ മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ്, കെ.എച്ച്.ആർ.ഐ ജോയിന്റ് ഡയറക്ടർ ഷെമി എസ്. ബാബു, കെ.എച്ച്.ആർ.ഐ ഡെപ്യൂട്ടി ഡയറക്ടർ ഷീജ റാണി, കെ.ആർ.എഫ്.ബി അസി. എക്സി. എൻജിനിയർ പോൾ തോമസ്, അസി. എൻജിനിയർ മുഹ്സീന, കരാർ കമ്പനിയുടെ പ്രതിനിധി ഉനൈസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.