കിഴക്കമ്പലം: പട്ടിമറ്റം- മൂവാറ്റുപുഴ റോഡിൽ പട്ടിമറ്റം ജംഗ്ഷന് കിഴക്ക് വശം സിറ്റി ഫർണിച്ചർ മാർട്ടിന് സമീപം റോഡിന്റെ ഒരുവശം ഇടിഞ്ഞ് താഴ്ന്ന് അപകടാവസ്ഥയിലായി. ആറു മാസങ്ങൾക്കുമുമ്പ് ആധുനിക നിലവാരത്തിൽ പൂർത്തിയാക്കിയ റോഡാണിത്. അമിതഭാരവുമായി വന്ന ടോറസ് ലോറി വശത്തേയ്ക്ക് കയറ്റിയതാണ് റോഡ് ഇടിയാൻ കാരണം. റോഡിന്റെ എതിർദിശയിലെ പോക്കറ്റ് റോഡിൽ നിന്ന് മഴവെള്ളം മെയിൻ റോഡ് കടന്ന് താഴേയുള്ള ഇരട്ടപാടത്തേയ്ക്ക് പോകുന്ന സ്ഥലത്താണ് റോഡ് ഇടിഞ്ഞത്. തുടർച്ചയായി പെയ്ത മഴയിൽ റോഡിന്റെ ഇടിഞ്ഞ ഭാഗത്തുള്ള മണ്ണ് കാര്യമായി ഒലിച്ചു പോയിരുന്നു. ഇതിന് പുറമെ ടോറസ് കൂടി കയറിയതോടെ റോഡ് പൂർണമായും ഇടിയുകയായിരുന്നു.
ഇടിഞ്ഞ റോഡ് ദ്രുതഗതിയിൽ നിർമ്മാണം പൂർത്തിയാക്കാൻ അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ നിർദ്ദേശം നൽകി. അപകടാവസ്ഥയിലായ ഭാഗത്ത് അടിയന്തര അറ്റകുറ്റപ്പണി പൂർത്തിയാക്കില്ലെങ്കിൽ വാഹനങ്ങൾ സൈഡ് നൽകുമ്പോൾ വലിയ അപകടങ്ങൾക്ക് കാരണമാകും. ജനപ്രതിനിധികളടക്കം ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് കിഫ്ബി ഉദ്യോഗസ്ഥരോട് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് കൈമാറാൻ എം.എൽ.എ നിർദ്ദേശിച്ചത്.
സ്ഥലത്തെത്തി അപകട മുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഥാപിച്ചശേഷം ഇന്നോ നാളയോ ഇടിഞ്ഞ ഭാഗത്തെ അറ്റകുറ്റപ്പണി പൂർത്തിയാക്കുമെന്ന് കിഫ്ബി ഉദ്യോഗസ്ഥർ അറിയിച്ചു.
അപകടമുണ്ടാക്കുന്നത് മഴുവന്നൂർ പഞ്ചായത്തിലെ വിവിധ ക്വാറി, ക്രഷർ യൂണിറ്റുകളിൽ നിന്ന് അനുവദനീയമായതിലും ഇരട്ടി ലോഡുമായി പായുന്ന ടോറസുകൾ. പൊലീസ്, ആർ.ടി പരിശോധനകൾ ഒഴിവാക്കാൻ പുലർച്ചെ 4 മണി മുതലാണ് ടോറസുകളുടെ വിളയാട്ടം. പ്രഭാത സവാരിക്കിറങ്ങുന്നവരടക്കം സഞ്ചരിക്കുന്നത് ടോറസുകളെ ഭയന്ന്.
തുടർച്ചയായി മഴയെ തുടർന്നാകാം സൈഡ് ഇടിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. റിസ്ക് ആൻഡ് കോസ്റ്റ് ഇനത്തിൽ പൂർത്തിയാക്കിയ റോഡാണിത്. അറ്റകുറ്റപ്പണികൾ കരാറുകാരന്റെ ഉത്തരവാദിത്തത്തിലാണ് പൂർത്തിയാക്കേണ്ടത്.
മിംസ് കൺവെൻഷൻ സെന്റർ മുതൽ എതിർ സൈഡിലെ ഇടറോഡുകളിൽ നിന്ന് വരുന്ന വെള്ളം കാന തീർത്ത് ഒഴുക്കിയാൽ മാത്രമാണ് പ്രശ്നത്തിന് ശാശ്വത പരിഹാരമാകൂ. തത്കാലം അറ്റകുറ്റപ്പണി പൂർത്തിയാക്കിയാലും വീണ്ടും റോഡ് ഇടിയാൻ സാദ്ധ്യതയുണ്ട്.
ടി.എ. ഇബ്രാഹിം,
പഞ്ചായത്ത് അംഗം
കുന്നത്തുനാട്