കൊച്ചി: നഗരത്തിലെ ടെലികോം, മൊബൈൽ സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് പരാതികൾ കുറവെന്ന് കണ്ടെത്തൽ. ടെലികോം റെഗുലേറ്ററി അതോറിട്ടി ഒഫ് ഇന്ത്യ (ട്രായ്) പുറത്തിറക്കിയ ഇൻഡിപെൻഡന്റ് ഡ്രൈവ് ടെസ്റ്റിലെ (ഐ.ഡി.ടി) കണ്ടെത്തലുകളിലാണ് വിവിധ സേവനങ്ങൾ സംബന്ധിച്ച് ഉപയോക്താക്കൾ സംതൃപ്തരെന്ന നിഗമനമുള്ളത്.
കൊച്ചി നഗരത്തിലുടനീളമുള്ള നെറ്റ്‌വർക്ക് ഗുണനിലവാരം വിലയിരുത്തിയാണ് ട്രായ് റിപ്പോർട്ട് തയ്യാറാക്കിയത്. നഗരത്തിലെ നഗര, ഹൈവേ പാതകൾ ഉൾക്കൊള്ളുന്ന പ്രദേശങ്ങളിൽ ജൂലായിലായിരുന്നു പഠനം.
നഗരത്തിൽ 231.4 കിലോമീറ്ററും തീരദേശമേഖലയിൽ 8.3 കിലോമീറ്ററും (മറൈൻഡ്രൈവ് പാർക്ക് മുതൽ മറൈൻഡ്രൈവ് ജെട്ടിവരെ), കാൽനടപരിശോധനയായി 8.8 കിലോമീറ്ററും എട്ട് ഹോട്ട് സ്പോട്ട് ഭാഗങ്ങളും ഉൾപ്പെടെ കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലുമായാണ് ട്രായ് സംഘങ്ങൾ പരിശോധന നടത്തിയത്. 2ജി, 3ജി, 4ജി, 5ജി ഉൾപ്പെടെ സാങ്കേതികവിദ്യകൾ പഠനവിധേയമാക്കി.
കോൾ സെറ്റപ്പ് വിജയനിരക്ക് (സി.എസ്.എസ്.ആർ), ഡ്രോപ്പ് കോൾ നിരക്ക് (ഡി.സി.ആർ), കോൾ സെറ്റപ്പ് സമയം, കോൾ സൈലൻസ് നിരക്ക്, സംഭാഷണ നിലവാരം (എം.ഒ.എസ്), പരിധി തുടങ്ങിയ ശബ്ദസേവനങ്ങളിലും ഡൗൺലോഡ്/അപ്‌ലോഡ് സമയം, പാക്കറ്റ് ഡ്രോപ്പ് നിരക്ക്, വീഡിയോ സ്ട്രീമിംഗിനുള്ള കാലതാമസം തുടങ്ങിയ ഡേറ്റാ സേവനങ്ങളിലുമെല്ലാം ഉപയോക്താക്കൾ ശരാശരിക്കും മുകളിലാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.
കോൾസെറ്റ്അപ് വിജയനിരക്കിൽ പിന്നിലുള്ള ബി.എസ്.എൻ.എല്ലിനുപോലും 98 ശതമാനത്തോളമാണ് വിജയനിരക്ക്. ശരാശരി അഭിപ്രായ നിരക്കിലും അഞ്ചിൽ മൂന്നാണ് ഏറ്റവവും കുറഞ്ഞ നിരക്ക്.
പരിഗണിച്ച മേഖലകൾ
1 നഗര മേഖലകൾ
2 സ്ഥാപന ഹോട്സ്‌പോട്ടുകൾ
3 പൊതുഗതാഗത കേന്ദ്രങ്ങൾ
4 അതിവേഗ ഇടനാഴികൾ
പരിഗണിച്ച സ്ഥലങ്ങൾ
* കൂനമ്മാവ്
* വടക്കൻ പറവൂർ
* വരാപ്പുഴ
* എടവനക്കാട്
* വടുതല
* കാക്കനാട്
* പെരുമ്പിള്ളി
* സൗത്ത് പറവൂർ
* പനമ്പുകാട് കോളനി
* കുമ്പളം
* എറണാകുളം ജംഗ്ഷൻ
* പൊന്നുരുന്നി ഈസ്റ്റ്
* വടുതല
എട്ട് നിശ്ചല ഹോട്ട്‌സ്‌പോട്ടുകളും
* ആലുവ മെട്രോ സ്റ്റേഷൻ
* കൊച്ചിൻ യൂണിവേഴ്സിറ്റി
* ജനറൽ ആശുപത്രി
* ഹൈക്കോടതി
* ഇൻഫോപാർക്ക്
* കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
* കലൂർ സ്റ്റേഡിയം
* വണ്ടർലാ പാർക്ക്