കൊച്ചി: സി.ബി.എസ്.ഇ. ക്ലസ്റ്റർ 11 അത്‌ലറ്റിക് മീറ്റിൽ വടുതല ചിന്മയ വിദ്യാലയയിലെ സയാൻ ഫൈസലും തൃക്കാക്കര ഭവൻസ് വരുണ വിദ്യാലയയിലെ അഞ്ജലി പി. ജോഷിയും വേഗതാരങ്ങളായി. മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന മീറ്റിൽ 100 മീറ്റർ ഓട്ടമത്സരത്തിലെ മികച്ച പ്രകടനമാണ് ഇരുവരെയും നേട്ടത്തിന് അർഹരാക്കിയത്. ചിറ്റൂർ സ്വദേശികളായ ഫൈസൽ-റസ്മി ദമ്പതികളുടെ മകനാണ് സയാൻ. കാക്കനാട് സ്വദേശികളായ ജോഷി-ഷിനി ദമ്പതികളുടെ മകളാണ് അഞ്ജലി.
സയാൻ ഫൈസൽ: അണ്ടർ 17 ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ 11.10 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സയാൻ സ്വർണം നേടിയത്. കഴിഞ്ഞ വർഷം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സയാനിന്റെ ശക്തമായ തിരിച്ചുവരവ് കൂടിയായിരുന്നു വിജയം.
അഞ്ജലി പി. ജോഷി: അണ്ടർ 19 പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ 13.10 സെക്കൻഡിൽ ലക്ഷ്യം കണ്ടാണ് അഞ്ജലി വേഗറാണിയായത്. കഴിഞ്ഞ വർഷം രണ്ടാം സ്ഥാനത്ത് ഒതുങ്ങേണ്ടിവന്ന അഞ്ജലിയുടെയും തിളക്കമാർന്ന പ്രകടനമാണിത്.
മറ്റ് വിജയികൾ
അണ്ടർ 19 പെൺകുട്ടികൾ (100 മീറ്റർ): വടുതല ചിന്മയ വിദ്യാലയയിലെ ദക്ഷ ബോബി വിമലാശേരി വെള്ളി മെഡലും മൂവാറ്റുപുഴ കാർമൽ പബ്ലിക് സ്‌കൂളിലെ അന്ന കുര്യാക്കോസ് വെങ്കലവും നേടി.
അണ്ടർ 19 ആൺകുട്ടികൾ (100 മീറ്റർ): മൂവാറ്റുപുഴ കാർമൽ പബ്ലിക് സ്‌കൂളിലെ എസ്. ആരുഷാണ് സ്വർണം നേടിയത്. ആഡം ഡാനിയേൽ റോയ് വെള്ളി മെഡലും കടയിരിപ്പ് സെന്റ് പീറ്റേഴ്‌സിലെ ഫിദൽ സി. ഐസക്ക് വെങ്കലവും സ്വന്തമാക്കി.
അണ്ടർ 17 പെൺകുട്ടികൾ (100 മീറ്റർ): കഴക്കൂട്ടം സെന്റ് തോമസ് പബ്ലിക് സ്‌കൂളിലെ അന്ന എൽസ രഞ്ജു 13.30 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണം നേടി.
അണ്ടർ 14 പെൺകുട്ടികൾ (100 മീറ്റർ): കട്ടപ്പന ഇൻഫന്റ് ജീസസ് സ്‌കൂളിലെ അന്നാ റോസ് ബെർലി 13.90 സെക്കൻഡിൽ സ്വർണം നേടി.
അണ്ടർ 14 ആൺകുട്ടികൾ (100 മീറ്റർ): വൈറ്റില ടോക്ക് എച്ച് പബ്ലിക് സ്‌കൂളിലെ നിതാനിയൽ ജോൺ ജോസഫ് 12.40 സെക്കൻഡിൽ സ്വർണം നേടി.