പറവൂർ: പറവൂർ കോടതിയിൽ ഇ മെയിലിൽ വന്ന ബോംബ് ഭീഷണിയെത്തുടർന്ന് നാല് മണിക്കൂറോളം കോടതി നടപടികൾ തടസപ്പെട്ടു. പറവൂർ പ്രിൻസിപ്പൽ സബ് കോടതി ജഡ്ജിയുടെ ഇ മെയിലാണ് ബോംബ് ഭീഷണി വന്നത്. രാവിലെ 11ന് കോടതി നടപടികൾ തുടങ്ങി അല്പസമയം കഴിഞ്ഞാണ് ജീവനക്കാർ ഈ മെയിൽ കണ്ടത്. ഇന്നലെ പുലർച്ചെ രണ്ടരയോടെ വന്നിട്ടുള്ള മെയിലിൽ സബ് കോടതി ചേംബറിൽ ബോംബ് വച്ചിട്ടുണ്ടെന്നും ഉച്ചയ്ക്ക് ഒരുമണിക്കും ഒന്നേമുക്കാലിനും ഇടയിൽ പൊട്ടിത്തെറിയുണ്ടാകുമെന്നും ജീവനക്കാരെ ഇതിനുമുമ്പ് മാറ്റണമെന്നുമുണ്ടായിരുന്നു. മെയിൽ ലഭിച്ച വിവരം ഉടനെ ജീവനക്കാർ ചേംബറിലെത്തി ജഡ്ജിയേയും പറവൂർ പൊലീസിനെയും വിവരം അറിയിച്ചു. പൊലീസെത്തി കച്ചേരി മൈതനായിലെ എല്ലാ കോടതികളിൽനിന്നും ജീവനക്കാരെയും അഭിഭാഷകരെയും ഒഴിപ്പിച്ചു. ബോംബ് സ്ക്വാഡ് കെട്ടിടങ്ങളിലും കച്ചേരിമൈതാനത്തും പരിശോധന നടത്തിയെങ്കിലും അസ്വഭാവികമായൊന്നും കണ്ടെത്താനായില്ല. റൂറൽ എസ്.പി എം. ഹേമലത കോടതിയിലെത്തി ജഡ്ജിമാരും അഭിഭാഷകരുമായി സംസാരിച്ച് സുരക്ഷ ഉറപ്പാക്കിയശേഷം മൂന്നുമണിയോടെ കോടതി നടപടികൾ തുടങ്ങി.
* പരിഭ്രാന്തി പരത്തി രക്തപ്പാടുകൾ
ബോംബ് ഭീഷണിക്കിടെ കോടതിയിൽ രക്തപ്പാടുകൾ കണ്ടെത്തിയത് പരിഭ്രാന്തി സൃഷ്ടിച്ചു. ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നതിനിടെയാണ് കോടതി വരാന്തയിൽ രക്തപ്പാടുകൾ കണ്ടത്. മുൻസിഫ് കോടതിയുടെ വരാന്തയ്ക്ക് ചുറ്റും സബ് കോടതിക്ക് സമീപത്തെ കെട്ടിടത്തിന്റെ ചവിട്ടുപടിയിലുമാണ് രക്തപ്പാടുകൾ കണ്ടത്. ഫോറൻസിക് വിഭാഗം രക്തസാമ്പിളുകൾ ശേഖരിച്ചു. ഇതു മനുഷ്യരക്തമാണോ മൃഗത്തിന്റേതാണോ എന്നു വ്യക്തമല്ല. മുറിവേറ്റ നായയുടേതോ മരപ്പട്ടിയുടേതോ കാൽ പതിഞ്ഞതുപോലുള്ള പാടുകളാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ശാസ്ത്രീയ പരിശോധന നടത്തും.
*ഇംഗ്ളീഷിലുള്ള സന്ദേശം
bhagawanthmann@yandex.com എന്ന മെയിൽ ഐഡിയിൽനിന്ന് വന്ന സന്ദേശത്തിൽ 'മദ്രാസ് ടൈഗേഴ്സ്" എന്നൊരു വാക്ക് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇംഗ്ളീഷിലുള്ള ദീർഘമായ മെയിലിൽ തമിഴ്നാട്ടിലെ ചില സംഭവങ്ങൾ പരസ്പര ബന്ധമില്ലാതെ പറയുന്നുണ്ട്. ഇ-മെയിൽ വന്നത് ഓപ്പൺ സോഴ്സ് ഇന്റർനെറ്റ് വഴിയല്ലെന്നും ഡാർക് വെബ് വഴിയാണെന്നുമാണ് പൊലീസിന്റെ നിഗമനം. പറവൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.