മൂവാറ്റുപുഴ: സ്കൂൾ സമയ ക്രമീകരണം പാലിക്കാതെ വിദ്യാർത്ഥികളുടെയും പൊതുജനങ്ങളുടെയും ജീവന് ഭീഷണി ഉയർത്തി ചീറിപ്പായുന്ന ടിപ്പർ, ടോറസ് വാഹനങ്ങൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇത്തരം വാഹനങ്ങളുടെ അമിതവേഗതയും ഡ്രൈവർമാരുടെ അശ്രദ്ധയും നിരവധി മനുഷ്യരുടെ ജീവനാണ് ഇല്ലാതാക്കുന്നത്. സ്കൂൾ പ്രവർത്തന സമയത്തെ നിരോധനം ലംഘിച്ചാണ് പലയിടത്തും ടിപ്പർ വാഹനങ്ങളുടെ ചീറിപ്പായൽ. ഇന്നലെ മൂവാറ്റുപുഴ കിഴക്കേക്കരയിൽ രണ്ട് സ്കൂൾ വാഹനങ്ങളിൽ സഞ്ചരിച്ച വിദ്യാർത്ഥികൾക്കാണ് സ്കൂൾ സമയ ക്രമീകരണം തെറ്റിച്ച് ഓടിയ ടോറസ് വാഹനമിടിച്ച് പരിക്കുപറ്റിയത്. വിദ്യാർത്ഥികളുടെ സുരക്ഷിത യാത്ര ഉറപ്പുവരുത്തുന്നതിനുവേണ്ടി ടിപ്പർ, ടോറസ് ലോറികൾക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ സമയ ക്രമീകരണം കർശനമായി നടപ്പിലാക്കാൻ അധികാരികൾ തയ്യാറാകണമെന്ന് ഡി.വൈ.എഫ്.ഐ മുവാറ്റുപുഴ ബ്ലോക്ക് സെക്രട്ടറി ഫെബിൻ പി. മൂസ ആവശ്യപ്പെട്ടു.