കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ മൂന്നാം വാർഡിലെ വാവേലിയിൽ സ്വകാര്യവ്യക്തിയുടെ മതിൽ ഇടിഞ്ഞ് വീണ് പട്ടികജാതി വിഭാഗക്കാരുടെ വീടുകളിലേക്കുള്ള വഴി അടഞ്ഞു. രണ്ട് മാസത്തിലധികമായിട്ടും
മതിലിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ ഉടമ തയ്യാറായിട്ടില്ല. ഇതുമൂലം പ്രധാനറോഡിലെത്താൻ മാർഗമില്ലാതെ അഞ്ച് വീട്ടുകാർ ദുരിതം അനുഭവിക്കുകയാണ്. കല്ലും മണ്ണും മുള്ളുകമ്പിയുമെല്ലാമാണ് വഴിയിൽ കിടക്കുന്നത്. ഇതിന് മുകളിലൂടെയാണ് ഇപ്പോൾ ഈ വീട്ടുകാർ നടക്കുന്നത്. ഇരുചക്രവാഹനങ്ങളും കടത്തികൊണ്ടുപോകാനാവില്ല. പലതവണ ആവശ്യപ്പെട്ടിട്ടും ഉടമ വഴി പുനഃസ്ഥാപിക്കാൻ തയ്യാറാകുന്നില്ലെന്ന് വീട്ടുകാർ പറഞ്ഞു. പഞ്ചായത്ത് അധികാരികൾക്കും പൊലീസിനും ജില്ലാകളക്ടർക്കുമടക്കം പരാതി നൽകിയെങ്കിലും ഇതുവരെയും നടപടിയൊന്നുമുണ്ടായിട്ടില്ല.