കൊച്ചി: കളമശ്ശേരിയിൽ ആരംഭിക്കുന്ന കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിൽ അത്യാധുനിക അമിനിറ്റി സെന്റർ സ്ഥാപിക്കുന്നതിനായി ബി.പി.സി.എലുമായി ധാരണാപത്രം ഒപ്പു വച്ചു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് 22,840 സ്വക്വയർ ഫീറ്റിൽ ആറു നിലകളിലായി പുതിയ അമിനിറ്റി സെന്ററിനായുള്ള ധാരണാപത്രം ഒപ്പുവച്ചത്.

പദ്ധതിക്കായി ബി.പി.സി.എല്ലിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ടിൽ നിന്ന് 11.34 കോടി രൂപ ചെലവഴിക്കും. ദീർഘനാളത്തെ ചികിത്സ ആവശ്യമുള്ള രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പ്രയോജനപ്പെടുന്ന എല്ലാ സൗകര്യങ്ങളും സെന്ററിൽ ലഭ്യമാകും. വിശ്രമ മുറികൾ, ഭക്ഷണശാല, ശുചിമുറികൾ, കാത്തിരിപ്പ് കേന്ദ്രങ്ങൾ, സ്റ്റോർ റൂം തുടങ്ങിയ സൗകര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. മറ്റ് ജില്ലകളിൽ നിന്നു വരുന്ന രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും ഇത് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.