തോപ്പുംപടി: കൊച്ചി ഹാർബർ സംരക്ഷിക്കണമെന്ന ആവശ്യവുമായി വ്യാപാരികൾ സമരത്തിലേക്ക്. ഹാർബറിനെ ആശ്രയിച്ചാണ് അനേകം തൊഴിലാളി കുടുംബങ്ങളും ചെറുകിട വ്യപാര സ്ഥാപനങ്ങളിലെ തൊഴിലാളികളും ഉപജീവനം നടത്തുന്നത്. ബോട്ട് ഉടമകളുടെയും ജീവൻ പണയപ്പെടുത്തി കടലിൽ പണിയെടുക്കുന്ന തൊഴിലാളികളുടെയും ത്യാഗോജ്വലമായ അർപ്പണ മനോഭാവവുമാണ് ഹാർബറിനെ നിലനിറുത്തുന്നത്. ഈ സത്യം മറന്നാണ് പല ഇടനിലക്കാരും തൊഴിലാളി നേതാക്കളും പ്രവർത്തിക്കുന്നതെന്നാണ് പരാതി.

ബോട്ട് ഉടമകൾക്ക് കൊച്ചി അല്ലെങ്കിൽ മറ്റൊരുസ്ഥലം വ്യാപാരത്തിനു തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. അങ്ങനെ വരുമ്പോൾ നഷ്ടപ്പെടുന്നത് കൊച്ചി ഫിഷറീസ് ഹാർബറിലെ തൊഴിലവസരങ്ങളാണ്. ലക്ഷങ്ങളും കോടികളും കടമെടുത്ത് ബോട്ട് വ്യവസായം നടത്തുന്നവർക്ക് തിരിച്ചടവ് മുടങ്ങിയാൽ അവരുടെ സമ്പത്തും നഷ്ടപ്പെടും. അവസാനം കടബാദ്ധ്യതപെരുകി ജീവിതം അവസാനിപ്പിക്കുന്ന അവസ്ഥയിലേക്ക് നീങ്ങും. ഈ ഒരവസ്ഥ മുന്നിൽകണ്ട് എം.എൽ.എ ഇടപെട്ട് ഹാർബർ സമരത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് ആവശ്യം. അല്ലെങ്കിൽ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് തോപ്പുംപടി വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് എസ്. എ. ലത്തീഫ് പറഞ്ഞു.