ആലുവ: പത്തുമാസംമുമ്പ് കാണാതായ തമിഴ്നാട് പുതുക്കോട്ട സ്വദേശി ഗണേഷിനെ (47) റൂറൽ ജില്ല മിസിംഗ് പേഴ്സൺസ് ട്രേസിംഗ് യൂണിറ്റ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞവർഷം നവംബറിലാണ് കാണാതായത്.
'ഞാൻ പാലക്കാട് ട്രെയിനിലാണെന്നും നെഞ്ചുവേദനയാണ് ഇപ്പോൾ മരിക്കുമെന്നും ഇനി എന്നെ അന്വേഷിക്കേണ്ടെന്നും' സൂചിപ്പിച്ച് ഭാര്യയ്ക്ക് വാട്ട്സ്ആപ്പ് സന്ദേശം അയച്ചശേഷം ഫോൺ സ്വിച്ച് ഓഫാക്കുകയായിരുന്നു. തുടർന്ന് ഭാര്യ പുതുക്കോട്ട പൊലീസിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇയാൾ ജോലിചെയ്തിരുന്ന സ്ഥലം സ്ഥിതിചെയ്യുന്ന നെടുമ്പാശേരി പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ജൂലായിൽ പരാതി നൽകി.
തുടർന്ന് ഗണേഷ് ഉപയോഗിച്ചിരുന്ന ഫോണിന്റെ ഐ.എം.ഇ പരിശോധിച്ച് സെപ്തംബറിൽ പുതിയ സിം എടുത്തതായി കണ്ടെത്തി. എന്നാൽ ഊ ഫോൺ പിന്നീട് മോഷണംപോയി. തുടർന്ന് ഒമ്പതു മാസത്തോളമായി ഫോൺ ഉപയോഗിക്കാതെ വിവിധ സ്ഥലങ്ങളിൽ താമസിച്ചുവരികയായിരുന്നു. തമിഴ്നാട് തിരുവണ്ണാമലഅടി അണ്ണാമലൈ പരിസരത്തു നിന്നുമാണ് ഇയാളെ പൊലീസ് കണ്ടെത്തിയത്.
ജില്ലാ പൊലീസ് മേധാവി എം. ഹേമലതയുടെ മേൽനോട്ടത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി.എം. വർഗീസിന്റെ നേതൃത്വത്തിൽ എ എസ് ഐ ടി.ആർ. മനോജ്, എസ്.സി.പി.ഒ ശരത് എസ് കുമാർ എന്നിവരാണ് അമ്പേഷണസംഘത്തിൽ ഉണ്ടായിരുന്നത്.