മട്ടാഞ്ചേരി: കൊച്ചി ഫിഷറീസ് ഹാർബറിൽ മീൻ ഇറക്ക് തൊഴിലാളികളുടെ കൂലിത്തർക്കം നില നിൽക്കുന്നതിനിടെ പേഴ്‌സിൻ നെറ്റ് ബോട്ട് ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റും ബോട്ട് ഉടമയുമായി തോപ്പുംപടി സാന്തോം നഗർ വാഴക്കുളം വീട്ടിൽ സിബി പുന്നൂസിനെ സി.ഐ.ടി.യു.തൊഴിലാളികൾ മർദ്ദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. സി.ഐ.ടി.യു.തൊഴിലാളികളായ നജാഫ് ഹാഷിം, ഷമീർ, തൻഷാദ് എന്നിവർക്കെതിരെയാണ് തോപ്പുംപടി പൊലീസ് നരഹത്യാ ശ്രമത്തിന് കേസെടുത്തത്. കഴിഞ്ഞ 12 ന് രാത്രി ഏഴിന് തോപ്പുംപടി ഫിഷറീസ് ഹാർബറിലാണ് സംഭവം. മീൻ ഇറക്ക് വിഭാഗം തൊഴിലാളികളുടെ കൂലി രണ്ട് ശതമാനത്തിൽ നിന്ന് കുറയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചതിന്റെ പേരിലാണ് മർദ്ദനമെന്നാണ് പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നു.